ബിജെപി നീക്കം തടുത്ത് കോണ്‍ഗ്രസ്: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തീരുന്നു

By Web TeamFirst Published Jan 17, 2019, 1:21 PM IST
Highlights

സർക്കാരിന് ഭീഷണിയാകുന്ന സംഖ്യയിലേക്ക് ബിജെപിക്ക് എത്താനാകില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസും ജെഡിഎസും. 

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു. കൂടുതൽ എംഎൽഎമാരെ ഒപ്പം കൂട്ടാനുളള നീക്കം ബിജെപി തത്കാലം ഉപേക്ഷിച്ചെന്നാണ് സൂചന. ഹരിയാനയിലുളള ബിജെപി എംഎൽഎമാർ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തും. മുംബൈയിലുളള നാല് എംഎൽഎമാരുമായി ചർച്ച തുടരുന്ന കോൺഗ്രസ് നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചു.

ഓപ്പറേഷൻ കമലയിലൂടെ ബിജെപിക്ക് നേടാനായത് രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയാണ്. കൂടുതൽ പേരെ മറുകണ്ടം ചാടിക്കുമെന്നും രാഷ്ട്രീയ നാടകം സഖ്യസർക്കാരിന്‍റെ വീഴ്ചയിൽ അവസാനിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചിത്രം. എന്നാൽ സർക്കാരിന് ഭീഷണിയാകുന്ന സംഖ്യയിലേക്ക് ബിജെപിക്ക് എത്താനാകില്ലെന്ന് ഉറപ്പിക്കുകയാണ് കോൺഗ്രസും ജെഡിഎസും. 

ബിജെപി ക്യാമ്പിലുളള നാല് എംഎൽഎമാരുമായി നേതാക്കൾ ആശയവിനിമയം തുടരുകയാണ്. ഇതിൽ ബി നാഗേന്ദ്രയും ഉമേഷ് യാദവും തിരിച്ചെത്തുമെന്നാണ് സൂചന.നാളെ വൈകീട്ട് മൂന്നരക്ക് വിധാൻ സൗധയിലാണ് നിർണായക നിയമസഭാ കക്ഷി യോഗം. പങ്കെടുക്കാത്തവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കുമെന്ന് കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.പാർട്ടിയിൽ നിന്നും ഇവരെ പുറത്താക്കും.

നാല് ദിവസമായി ഹരിയാനയിലുളള ബിജെപി എംഎൽഎമാർ ഇന്ന് മടങ്ങുമെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുളള ലിംഗായത് ആചാര്യൻ ശിവകുമാര സ്വാമിയെ കാണാൻ ഇന്നലെ തന്നെ ബി എസ് യെദ്യൂരപ്പ ബെംഗളൂരുവിലെത്തി. സ്വാമിജിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് തുടർനീക്കങ്ങൾ തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയതെന്നാണ് സൂചന. മറിച്ച് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും കുതിരക്കച്ചവടം ഭയന്നാണ് എംഎൽഎമാരെ മാറ്റിയതെന്ന വാദം ഉയർത്തുകയാണ് പാർട്ടി.

click me!