ഹൈക്കോടതി ഉത്തരവ്: രണ്ട് ദിവസത്തിനകം വീടൊഴിയുമെന്ന് പ്രീത ഷാജി

By Web TeamFirst Published Nov 22, 2018, 10:16 AM IST
Highlights

ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം വീടൊഴിയുമെന്ന് ജപ്തിക്കെതിരെ സമരം ചെയ്യുന്ന ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജി. വീടൊഴിയുമെങ്കിലും കുടുബവുമായി വീടിനു പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരുമെന്നും പ്രീത ഷാജി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

കൊച്ചി: ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം വീടൊഴിയുമെന്ന് ജപ്തിക്കെതിരെ സമരം ചെയ്യുന്ന ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജി. വീടൊഴിയുമെങ്കിലും കുടുബവുമായി വീടിനു പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരുമെന്നും പ്രീത ഷാജി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

48 മണിക്കൂറിനുള്ളിൽ ഇടപ്പള്ളിയിലെ വീടൊഴിഞ്ഞ് താക്കോൽ തൃക്കാക്കര വില്ലേജ് ഓഫീസർക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവ് അനുസരിക്കുമെങ്കിലും മറ്റൊരു വീട്ടിലേക്ക് താമസം മാറില്ല. പകരം വീട്ടിലേക്ക് കയറുന്ന വഴിയിൽ ഷെഡ്ഡു കെട്ടി താമസിക്കും.

പ്രീത ഷാജിയുടെ സ്ഥലം ലേലത്തിൽ പിടിച്ചയാൾ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി വീടൊഴിയാൻ ഉത്തരവിട്ടത്. അതേസമയം കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രീത ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ കേസ് മൂന്നിന് പരിഗണിക്കും. അപ്പോൾ വീടൊഴിയണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നത് ദോഷകരമായി ബാധിക്കും എന്ന് ഇവർക്ക് നിയമോപദേശം കിട്ടിയിട്ടുണ്ട്. 

ഇതാണ് താക്കോൽ കൈമാറാനുള്ള തീരുമാനത്തിലെത്താൻ കാരണം. പ്രീത ഷാജിയുടെ സ്ഥലം ജപ്തി ചെയ്ത് ഒൻപതു വർഷത്തിനു ശേഷമാണ് ലേലം ചെയ്തത്. സ്ഥലം ജപ്തി ചെയ്താൽ മൂന്നു വർഷത്തിനകം ലേലം ചെയ്യണമെന്ന് മറ്റൊരു കേസിൽ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

ഈ ഉത്തരവിന്‍റെ ബലത്തിൽ കോടതി ഡിആർടിയുടെ ലേലം റദ്ദാക്കുമെന്നാണ് പ്രീത ഷാജിയുടെ പ്രതീക്ഷ. ഉത്തരവ് അനുകൂലമായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. സമരത്തിന് പിന്തുണയുമായ സർഫാസി വിരുദ്ധ ജനീകയ പ്രസ്ഥനവും ഇവർക്കൊപ്പമുണ്ട്. 

click me!