സഹപാഠിക്കെതിരെ പരാതി നൽകി; 'സൽപ്പേര്' കളങ്കപ്പെടുമെന്ന് പറഞ്ഞ് പരാതിക്കാരിയെ സ്കൂളിൽ നിന്നും പുറത്താക്കി

By Web TeamFirst Published Jan 7, 2019, 4:31 PM IST
Highlights

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ അപമാനിച്ച ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ലക്നൗ: സഹപാഠിക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്നും പുറത്താക്കി. ഉത്തർപ്രദേശ് കുശിനഗറിലുള്ള സ്കൂളിലാണ് സംഭവം. പെൺകുട്ടി സ്കൂളിൽ പഠിക്കാൻ യോഗ്യയല്ലെന്ന് കണ്ടാണ് സ്കൂളിലെ പ്രധാന അധ്യാപകനായ സി ബി സിങ് കുട്ടിയെ പുറത്താക്കിയതെന്നാണ് അധികൃതരുടെ പക്ഷം. കഴിഞ്ഞ ദിവസമാണ് സഹപാഠി അപമാനിച്ചുവെന്ന് പറഞ്ഞ് 11-ാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപകനെ സമീപിച്ചത്.

പെൺകുട്ടി പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ അധ്യാപകൻ തയ്യാറായില്ല. പകരം പരാതിക്കിടയാക്കിയ സംഭവം നടന്നത് സ്കൂളിന് പുറത്ത് വെച്ചായിരുന്നുവെന്ന് സമർത്ഥിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതികരിച്ചതോടെയാണ് വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്നും പുറത്താക്കിയത്. അച്ചടക്കമില്ലാത്ത പെൺകുട്ടികൾ ഇവിടെ പഠിക്കേണ്ടതില്ലെന്നും സ്കൂളിന്റെ സൽപ്പേര് കളങ്കപ്പെടുമെന്നും സിങ് പറഞ്ഞതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

അതേ സമയം സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ‌ പൊലീസിൽ പരാതി നൽകിട്ടുണ്ട്. സ്കൂളിൽ പരാതി നൽകിയിട്ടും അധ്യാപകൻ നടപടി സ്വീകരിക്കാത്തതിനെ പറ്റിയും പരാതിയിൽ പറയുന്നു. കൂടാതെ സ്കൂളിലെ പ്രാർത്ഥനാ മുറിയിൽ വെച്ച് ഇത്തരം പെൺ‌കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചതായും മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ അപമാനിച്ച ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

click me!