
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ നാളെ ഓപി ബഹിഷ്കരണം. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ, രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നഴ്സ് പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഒപി ബഹിഷ്കരണം.
സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതിയാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. അത്യാഹിത സേവനങ്ങളും, കിടത്തി ചികിത്സയും, ശസ്ത്രക്രിയയും മുടങ്ങില്ല. ആശുപത്രികളില്‍ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തുക, രോഗികളുടെ ജീവന്‍ പന്താടരുത് എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതിഷേധം നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ പ്രതിഷേധത്തിന് പൊതുജനങ്ങളുടെ പിന്തുണ വേണമെന്ന് ഏകോപനസമിതി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡ പിള്ള, കണ്‍വീനര്‍ ഡോ. അലക്‌സ് ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നടന്ന മിന്നല്‍ പണിമുടക്കും തുടര്‍ന്നുണ്ടായ അതിക്രമങ്ങളും രോഗികളെ വലച്ചിരുന്നു. അത്യാസന്ന നിലയില്‍ അഡ്മിറ്റ് ചെയ്തിരുന്ന രോഗികളില്‍ പലര്‍ക്കും ജീവന് തന്നെ ആപത്തുണ്ടാക്കുന്നതായിരുന്നു ഈ നടപടി. പലരെയും അടിയന്തിരമായി മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി.
എന്നാല്‍ ഇതിനുപോലും പലരും തടസം നിന്നു. ഇത് രോഗികള്‍ക്കും ആശുപത്രിക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചു. സമരത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആശുപത്രികളെ സമാധാന മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഏകോപനസമിതി അഭ്യര്‍ത്ഥിച്ചു.
ശമ്പള വർധനയാവശ്യപ്പെട്ടുള്ള നഴ്സ്മാരുടെ മിന്നല്‍ പണിമുടക്കുകളില്‍ പ്രതിഷേധിച്ചായിരുന്നു നഴ്സുമാരുടെ സമരം. മെയ് മാസത്തിലെ ശന്പളം അത് പുതുക്കിയ നിരക്കില്‍ അനുവദിക്കുക എന്നതാണ് നഴ്സുമാരുടെ ആവശ്യം . ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും പല മാനേജ്മെന്‍റുകളും മുഖം തിരിച്ചു . ഇതോടെയാണ് മിന്നല്‍ പണിമുടക്കുകള്‍ക്ക് തുടക്കമായത് . കോസ്മോ പോളിറ്റൻ ആശുപത്രിയിലെ രണ്ടുനാള്‍ നീണ്ട സമരത്തില്‍ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നടക്കം രോഗികളെ ഒഴിപ്പിച്ചിരുന്നു.
കോടികളുടെ നഷ്ടമാണ് ആശുപത്രികള്‍ക്കുണ്ടായിരുന്നത് . ഇതില്‍ പ്രതിഷേധിച്ചാണ് നാളെ ഓപി ബഹിഷ്കരണം. അതേസമയം പുതുക്കിയ ശന്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് പല സ്വകാര്യ ആശുപത്രികളുമായും ചർച്ച തുടരുകയാണ് . കൂടിയ ശന്പളം നല്‍കാത്ത മാനേജ്മെന്‍റുകള്‍ക്കെതിരെ പണിമുടക്കിയുള്ള സമരവുമായി മുന്നോട്ടു പോവുകയെന്ന നിലപാടിലാണ് നഴ്സുമാരുടെ സംഘടന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam