പ്രിയങ്ക ഗാന്ധി എത്തിയത് കോൺഗ്രസിന് അച്ഛേ ദിനുമായെന്ന് ശിവസേന

By Web TeamFirst Published Jan 24, 2019, 5:49 PM IST
Highlights

'രാഹുൽ ഗാന്ധി എടുത്ത നല്ലൊരു തീരുമാനമാണിത്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം എപ്പോഴും ഈ രാജ്യത്ത് നിലനിൽക്കും. കോൺഗ്രസിന് ഇതിൽനിന്ന് തീർച്ചയായും പ്രയോജനം ഉണ്ടാകും' -സഞ്ജയ് റൗട്ട് പറഞ്ഞു.

മുംബൈ: പ്രിയങ്ക ഗാന്ധി കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലെത്തിയതില്‍ പ്രതികരിച്ച് ബിജെപി സഖ്യകക്ഷിയായ ശിവസേന. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയത്തോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിച്ചിരുന്നതായും ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. 

'മുന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയതോടെ കോൺഗ്രസിന് അച്ഛേ ദിൻ വന്നിരുന്നു. അന്നേ ഞാൻ പ്രതീക്ഷിച്ചിരുന്നു പ്രിയങ്ക യുപി രാഷ്ട്രീയത്തിൽ എത്തുമെന്ന്. രാഹുൽ ഗാന്ധി എടുത്ത നല്ലൊരു തീരുമാനമാണിത്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം എപ്പോഴും ഈ രാജ്യത്ത് നിലനിൽക്കും. കോൺഗ്രസിന് ഇതിൽനിന്ന് തീർച്ചയായും പ്രയോജനം ഉണ്ടാകും' -സഞ്ജയ് റൗട്ട് പറഞ്ഞു.

നേരത്തെ മികച്ച വ്യക്തിത്വവും വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്നായിരുന്നു ശിവസേന വക്താവ് മനീഷ കയാന്ദെയുടെ അഭിനന്ദനം. ഇന്ദിരാ ഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ട്. ജനങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെത്തന്നെ കാണും. അവർ സജീവ രാഷ്ട്രീയ രംഗത്തെത്തിയതിൽ കോൺഗ്രസിന് സന്തോഷിക്കാൻ വകയുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു.

2014ലെ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ബിജെപിയും ശിവസേനയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ശേഷം ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ തനിച്ച് നേരിട്ടു. എന്നാൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള കേവലഭൂരിപക്ഷം  ഇരുപാർട്ടികൾക്കും ലഭിച്ചിരുന്നില്ല. ഇതോടെ ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു. 

click me!