
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് പ്രിയങ്ക എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.
പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിയങ്ക ഗാന്ധി സിന്ദാബദ് വിളികള്‍ക്കിടയില്‍ എഐസിസി ആസ്ഥാനത്തേക്ക് പ്രവേശിച്ച പ്രിയങ്ക അവര്‍ക്ക് അനുവദിച്ച എഐസിസി ജനറല്‍ സെക്രട്ടറിയുടെ മുറിയിലേക്കാണ് നേരെ പോയത്. തുടര്‍ന്ന് യുപിയില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി അവര്‍ കൂടിക്കാഴ്ച്ച ആരംഭിച്ചു.
വിദേശത്തായിരുന്ന പ്രിയങ്ക രാഹുല്‍ ഗാന്ധി അവരെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ശേഷം ഇന്നാണ് ദില്ലിയില്‍ മടങ്ങിയെത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കൊപ്പം എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ എത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാര്‍ വദ്രയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഏത് ഘട്ടത്തിലും റോബര്‍ട്ട് വദ്രയ്ക്കൊപ്പം താന്‍ ഉറച്ചു നില്‍ക്കുമെന്നും ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ നിന്നാണ് പ്രിയങ്ക എഐസിസി ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തത്.
കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഈ ആഴ്ച്ചയില്‍ തന്നെ പ്രിയങ്ക യുപിയിലെത്തും എന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘടനാ ചുമതലയുമായി വരുന്ന പ്രിയങ്കയ്ക്ക് ഉജ്ജ്വലസ്വീകരണം നല്‍കാനായി കാത്തിരിക്കുകയാണ് യുപിയിലെ പ്രവര്‍ത്തകര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam