
തിരുവനന്തപുരം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ. പ്രതിയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ഇരയായ പെൺകുട്ടി കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയത്. അനാശാസ്യത്തിനെന്ന പേരിൽ അറസ്റ്റ് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ തന്‍റെ പിതാവിനെ പോലും തിരിച്ചറിയാനാകാത്ത മാനസികാവസ്ഥയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
ഒന്നാം പ്രതി സുരേഷ് കുമാറിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ഇന്നലെയാണ് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയത്. സത്യവാങ്മൂലം ആയി ഇതേ വിവരം കോടതിയിൽ സമർപ്പിച്ചതോടെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് രാജഗോപാൽ പടിപ്പുരയിൽ കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷയിന്മേൽ കോടതി ഇന്ന് വാദംകേൾക്കും.
വക്കാലത്ത് ഒഴിഞ്ഞ അഭിഭാഷകന് പകരം പുതിയ അഭിഭാഷകനെ വയ്ക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി ഫെബ്രുവരി എട്ടുവരെ ഇതിനായി സമയം അനുവദിച്ചു. 1996 ജൂലൈ 16നാണ് എറണാകുളം കടവന്ത്രയിൽ നിന്നും അനാശാസ്യം എന്നപേരിൽ പെൺകുട്ടി അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
23 ന് ജാമ്യം ലഭിച്ച പുറത്തിറങ്ങുമ്പോൾ തന്നെ കാണാനെത്തിയ പിതാവിനെ പോലും തിരിച്ചറിയാനായില്ല. ആരോ തന്നെ ഉപദ്രവിക്കാൻ വരുന്നതായാണ് തോന്നിയത്. ക്രൂരമായ പീഡനത്തെ തുടർന്നാണ് ആ മാനസികാവസ്ഥ ഉണ്ടായതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. വെറുതെവിട്ട പല പ്രതികളെയും അന്ന് തിരിച്ചറിയാനാകാത്തത് പുതിയ കുടുംബജീവിതം തകരാതിരിക്കാൻ ആയിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. കോട്ടയത്തെ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷന്റെ വാദം പൂർത്തിയായി. സുരേഷ് 24 കേസിലെയും പ്രതിയാണ്. സുരേഷിനെ അറസ്റ്റ് ചെയ്യാൻ വൈകിയതിനാൽ ഒന്നാം പ്രതിയില്ലാതെയാണ് മറ്റ് കേസുകൾ പൂർത്തിയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam