
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കാളയെ ഉപയോഗിച്ചതിന് യുവമോർച്ച പ്രതിഷേധത്തിനെതിരെ പരാതി. കൻ്റോൺമെൻ്റ് ഹൗസിലേക്കാണ് യുവമോർച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചത്. കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കാട്ടാക്കs നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കടയാണ് യുവമോർച്ചയ്ക്കെതിരെ പരാതി നൽകിയത്. പ്രതിഷേധത്തിന് മതവികാരം വൃണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള കൂരതയുമാണെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്.
അതേസമയം, കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാവീഴ്ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ്യം. ആക്രമികൾ കണ്ടോൺമെന്റ് ഹൗസിൽ കയറി ചെടിച്ചട്ടികൾ ഉൾപ്പെടെ അടിച്ച് തകർത്തു. ആർക്കും അക്രമം നടത്താവുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെട്ടുത്തി.