
പമ്പ: ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ചാണ് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്. ശരണംവിളിയുമായാണ് പ്രതിഷേധക്കാര്‍ അപ്പാച്ചിമേടിലെത്തിയത്. കൂടുതല്‍ പൊലീസ് അപ്പാച്ചിമേടിലെത്തി. അതേസമയം തങ്ങള്‍ മടങ്ങി പോകില്ല എന്ന നിലപാടിലാണ് യുവതികള്‍.
പൊലീസ് അകമ്പടിയോടെ ഇവര്‍ മലകയറുകയായിരുന്നു. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സന്നിധാനത്ത് ഇപ്പോള്‍ പതിവായുള്ള പൊലീസ് സന്നാഹം മാത്രമാണുള്ളത്.
ഇന്നലെ ചെന്നെെയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദര്‍ശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam