വിദ്യാര്‍ത്ഥിനിയുടെ മരണം; മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലെ നിര്‍ബന്ധിത കായികപരിശീലനം നിര്‍ത്തലാക്കി

By Web TeamFirst Published Dec 17, 2018, 7:37 PM IST
Highlights

സര്‍വ്വകലാശാല നിഷ്കര്‍ഷിക്കാത്ത ഒരു കാര്യവും നിര്‍ബന്ധിച്ച് നടപ്പാക്കില്ലെന്ന് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. 

ചെന്നൈ: ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ ചെന്നൈ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നടപ്പാക്കിയ നിര്‍ബന്ധിത കായികപരിശീലനം നിര്‍ത്തലാക്കി. കായിക പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് ഒടുവിലാണ് അധികൃതരുടെ തീരുമാനം. ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ കോളേജ് അധികൃതര്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഈ നിബന്ധനകളില്‍ നിന്ന് ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. സര്‍വ്വകലാശാല നിഷ്കര്‍ഷിക്കാത്ത ഒരു കാര്യവും നിര്‍ബന്ധിച്ച് നടപ്പാക്കില്ലെന്ന് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. 

കഴിഞ്ഞ തിങ്കളാഴ്ച്ചാണ് ചെന്നൈ സ്വദേശി മഹിമ ജയരാജന്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ആരോഗ്യപ്രശ്നം ചൂണ്ടികാട്ടിയിട്ടും ഇന്‍റേണല്‍ മാര്‍ക്ക് വേണമെങ്കില്‍ ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ പരിശീലനം നടത്താനായിരുന്നു നിര്‍ദേശം. രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞാണ് പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചത്. 

വിദ്യാര്‍ത്ഥിയുടെ മരണത്തോടെ തുടങ്ങിയ പ്രതിഷേധം മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിന് പുറമേ മദ്രാസ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ മറ്റു കോളേജുകളും ഏറ്റെടുത്തു. ജസ്റ്റിസ് ഫോര്‍ മഹിമ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെയാണ് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പട്ടികയില്‍ സര്‍വ്വകലാശാല പോലും നിര്‍ദ്ദേശിക്കാത്ത സ്പോര്‍ട്ട്സ് ഫോറം എന്ന പദ്ധതി നിര്‍ത്തലാക്കി അധികൃതര്‍ ഉത്തരവിറക്കിയത്. 

മരിച്ച വിദ്യാര്‍ത്ഥി മഹിമ ജയരാജിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നല്‍കുമെന്നും കോളേജ് മാനേജ്മെന്‍റ് അറിയിച്ചു. കായിക പരിശീലനം അവസാനിപ്പിച്ചെങ്കിലും നിര്‍ബന്ധിത പരിശീലത്തിന് നിര്‍ദേശിച്ച അധ്യാപകര്‍ക്ക് എതിരെ നടപടി ഉണ്ടാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

click me!