പുൽവാമ ഭീകരാക്രമണത്തിൽ അപലപിച്ച് ലോകരാജ്യങ്ങൾ; ഭീകരവാദത്തെ തടയാൻ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക

By Web TeamFirst Published Feb 14, 2019, 10:45 PM IST
Highlights

ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ കെന്നറ്റ് ജെസ്റ്റ‍ർ ഭീകരാക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഭീകരവാദത്തെ അമർച്ച ചെയ്യുമെന്നും അറിയിച്ചു

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന്  നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ അപലപിച്ച് ലോകരാജ്യങ്ങൾ. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ കെന്നറ്റ് ജെസ്റ്റ‍ർ ഭീകരാക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഭീകരവാദത്തെ അമർച്ച ചെയ്യുമെന്നും അറിയിച്ചു. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും  ഇന്ത്യ നേരിട്ട ഭീകരാക്രണത്തിൽ അപലപിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ മരണസംഖ്യ നാൽപ്പത്തിനാലായി. 45 ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില  ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ  ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.

മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.   

തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും.

click me!