പഞ്ചാബില്‍ ബിജെപി സഖ്യത്തെ നിലംപരിശാക്കി കോണ്‍ഗ്രസ്; ലോക് സഭയിലേക്കുള്ള മുന്നറിയിപ്പെന്ന് നേതാക്കള്‍

By Web TeamFirst Published Sep 22, 2018, 8:55 PM IST
Highlights

കഴിഞ്ഞ ഒരു ദശകത്തിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇത്രയും വലിയ നേട്ടമുണ്ടായിട്ടില്ല. ശിരോമണി അകാലിദളിനൊപ്പം സഖ്യത്തില്‍ മത്സരിച്ച ബിജെപിക്ക് നിലം തൊടാനായില്ല. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്

ചണ്ഡീഗഡ്: പഞ്ചാബില്‍ വേരുറപ്പിക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ തരിപ്പണമാക്കി കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയ സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് അഭിമാന നേട്ടമാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ഒരു ദശകത്തിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇത്രയും വലിയ നേട്ടമുണ്ടായിട്ടില്ല. ശിരോമണി അകാലിദളിനൊപ്പം സഖ്യത്തില്‍ മത്സരിച്ച ബിജെപിക്ക് നിലം തൊടാനായില്ല. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ഓരോ പ്രദേശങ്ങള്‍ തിരിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.

പട്യാല മേഖലയില്‍ കോണ്‍ഗ്രസ് ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. പാട്യാല ജില്ലാ പഞ്ചായത്തില്‍ 43 സീറ്റുകളാണ് കോണ്‍ഗ്രസ് അക്കൗണ്ടിലാക്കിയത്. ബിജെപി അകാലിദള്‍ സഖ്യം കേവലം രണ്ടു സീറ്റിലൊതുങ്ങി.  ലുധിയാന സില പരിഷത്തില്‍ ആകെയുള്ള ആറ് സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി.

ഭാട്ടിന്‍ഡയിലാകട്ടെ ആകെയുള്ള 148 സീറ്റുകളില്‍ 412 എണ്ണത്തിന്‍റെ ഫലം പുറത്തുവന്നപ്പോള്‍ 31 ലും കോണ്‍ഗ്രസ് വിജയം നേടി. ബിജെപി സഖ്യം നാലും എഎപി ഒന്നും വിജയം നേടി. ഹോഷിപൂരിലാകട്ടെ 211 ല്‍ 38 സീറ്റുകളുടെ ഫലം വന്നപ്പോള്‍ 34 ഉം കോണ്‍ഗ്രസ് സ്വന്തമാക്കി.

ജലന്ധറില്‍ 191 ല്‍ 43 എണ്ണത്തിന്‍റെ ഫലം വന്നപ്പോള്‍ 32 എണ്ണവും കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലാണ്. ജില്ലാപഞ്ചായത്തുകളിലെ 33 സീറ്റുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 369 സീറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കും ലോക് സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിനുള്ള മുന്നറിയിപ്പാണ് പഞ്ചാബില്‍ കണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. ഈ മാസം 19നായിരുന്നു പഞ്ചാബില്‍ തദ്ദേശ തിരഞ്ഞടുപ്പ് നടന്നത്.

click me!