പി വി അന്‍വറിന്റെ പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയ പഞ്ചായത്ത് നടപടിയില്‍ ദുരൂഹത

By Web DeskFirst Published Dec 3, 2017, 6:56 AM IST
Highlights

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എക്ക്  കൂടരഞ്ഞി പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയത് പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കാതെ. വിവാദങ്ങളുയര്‍ന്നതിന് ശേഷം മാത്രം ചേര്‍ന്ന ഉപസമിതിയോഗത്തിലാണ് രേഖകളുടെ ആധികാരിതക പരിശോധിക്കാന്‍ പഞ്ചായത്ത് തയ്യാറായതെന്ന് വ്യക്തമാകുന്ന രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് യുഡിഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് വന്നത്. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് പാര്‍ക്കിന് ലൈസന്‍സ് നല്‍കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അന്ന് അവകാശപ്പെട്ടത്. എന്നാല്‍ പാര്‍ക്ക് വിവാദം ചൂടായതോടെ എവിടെയൊക്കെയോ അബദ്ധം സംഭവച്ചെന്ന തോന്നല്‍ ഭരണസമിതിക്കുണ്ടായി. പിന്നാലെയാണ് ഉപസമിതി യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് രേഖകളുടെ ആധികാരികത സംബന്ധിച്ച സംശയം ഉയരുന്നത്. പി വി ആര്‍ നാച്ചുറോ പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ യോഗത്തില്‍ അന്ന് തീരുമാനിച്ചു. അതായത് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം മാത്രമാണ് ലൈസന്‍സ് നല്‍കാന്‍ ആധാരമാക്കിയ രേഖകളുടെ കാര്യത്തില്‍ പഞ്ചായത്തിന് സംശയം തോന്നുന്നത്. ഇതിനിടെ മലനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദു ചെയ്തത് പഞ്ചായത്ത് അറിഞ്ഞില്ല. ആരോഗ്യവകുപ്പിന്റെ എന്‍ഒസി ഉണ്ടോയെന്ന കാര്യം പരിശോധിച്ചില്ല. പി ഡബ്ല്യൂഡിയും, കെ എസ്ഇ ബിയും പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ലെന്ന കാര്യവും പഞ്ചായത്തിന് അറിയില്ലായിരുന്നു. സാനിട്ടറി സര്‍ട്ടിഫിക്കേറ്റ് അസാധുവാണെന്നും പഞ്ചായത്ത് തിരിച്ചറിഞ്ഞില്ല. ഇതിനിടെ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പ് പാര്‍ക്കിനെ കുറിച്ച് അന്വേഷണവും തുടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പാകുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദ്ദേശം.ഇതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ കൂടരഞ്ഞി പ!ഞ്ചായത്ത് ഭരണസമിതി. അനുമതി നല്‍കേണ്ട വകുപ്പുകള്‍ ഇപ്പോഴും പാര്‍ക്കിന് പച്ചക്കൊടി നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുമ്പോള്‍ കണ്ണുംപൂട്ടി എംഎല്‍എയുടെ പാര്‍ക്കിന് സര്‍വ്വ പിന്തുണയും നല്‍കിയ പഞ്ചായത്ത് നിലപാടാണ് ദുരൂഹമാകുന്നത്.

click me!