മൂക്കുന്നിമലയിൽ വ്യാപക കയ്യേറ്റമെന്ന് സർവ്വേ റിപ്പോർട്ട്

By Web DeskFirst Published Nov 29, 2016, 4:30 PM IST
Highlights

തിരുവനന്തപുരം: മൂക്കുന്നിമലയിൽ ക്വാറി മാഫിയ വ്യാപകമായി സർക്കാർ ഭൂമി കൈയേറിയെന്ന് സർവ്വേ റിപ്പോർട്ട്. 43.2 ഹെക്ടർ സർക്കാർ ഭൂമിയിൽ ക്വാറികളുടെ പ്രവർത്തനം നടക്കുന്നവെന്ന് സർവ്വേയിൽ കണ്ടെത്തി. ഈ സർക്കാർ ഭൂമി ക്വാറിക്കാർ വ്യജ രേഖകളുപയോഗിച്ച് പതിച്ചെടുത്തതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. സർവ്വേ റിപ്പോർട്ട് ഹൈക്കോടതയിൽ നൽകി.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് വിജിലൻസും സർവ്വേ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും മൂക്കുന്നിമലയിലെ ഭൂമി അളന്നത്. 337 ഹെക്ടർ സ്ഥലത്താണ് സർവ്വേ നടന്നത്. 46.2 ഹെക്ടർ സ്ഥലത്താണ് ക്വാറികളുള്ളത്. ഇതിൽ 43.2 ഹെക്ടറും സർക്കാർ ഭൂമിയാണെന്ന് റവന്യൂ-സർവ്വെ രേഖകള്‍ വ്യക്തമാക്കുന്നു. അതായയത് 95ശതമാനവും സർക്കാർ ഭൂമി കൈയേറിയാണ് പാറപൊട്ടിക്കുന്നതെന്ന് ചുരുക്കം. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോർട്ടാണ് സർവ്വേ ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയത്.

വിമുക്ത ഭടൻമാർക്ക് റബ്ബര്‍ കൃഷി നടത്താനായി സർക്കാർ പതിച്ചു നൽകിയ ഭൂമിയിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഈ ഭൂമിയിൽ പലതും വ്യാജ രേഖകള്‍ ഉപയോഗുിച്ച് ക്വാറി ഉടമകള്‍ സ്വന്തമാക്കി പതിച്ചെടുത്തുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നതിനുള്ള തെളിവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകും.

മൂക്കുന്നിമലയിലുള്ള പ്രതിരോധവകുപ്പിന്റെ ഭൂമിയിലും കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് സർവ്വേഫലം അനുസരിച്ച് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം പരിശോധിക്കാൻ പ്രതിരോധ വകുപ്പിനോട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാലരമാസമെടുത്താണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂക്കുന്നിമലയിൽ സർവ്വേ പൂർത്തിയാക്കിയത്. വ്യാജരേഖള്‍ ഉപയോഗിച്ചും വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയും ക്വാറികള്‍ നടത്തിയതിന് വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസുകളുടെ ഭാഗമായാണ് സർവ്വേ നടത്തിയത്. പള്ളിച്ചൽ പഞ്ചായത്ത് മുൻ ഭാരാവാഹികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 

click me!