'സര്‍ക്കാര്‍ ജോലി രാജിവച്ചില്ലെങ്കില്‍ കൊന്നുകളയും'; ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍

By Web TeamFirst Published Sep 19, 2018, 3:10 PM IST
Highlights

നാല് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി

കാശ്മീര്‍: പൊലീസിലും സൈന്യത്തിലും മറ്റ് സുരക്ഷാ വിഭാഗങ്ങളിലുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന കാശ്മീര്‍ സ്വദേശികളെ ഭീഷണിപ്പെടുത്തി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. നാല് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. വീണ്ടും ജോലി തുടര്‍ന്നാല്‍ ബന്ധുക്കളെയും വെറുതെ വിടില്ലെന്നും വൈറലാകുന്ന വാട്സ്ആപ്പ് വീഡിയോയില്‍ പറയുന്നു. 

രണ്ട് മിനുട്ട് നീണ്ടുനില്‍ക്കുന്ന വീഡിയോ സന്ദേശമാണ് പ്രചരിക്കുന്നത്. ഇതില്‍ കാശ്മീര്‍ പൊലീസിന്‍റെയും ഇന്ത്യന്‍ സൈന്യത്തിന്‍റെയും ഫോട്ടോയ്ക്കൊപ്പം ഹിസ്ബുള്‍ മുജാഹിദീന്‍റെ ബാന്നറും നല്‍കിയിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് ഉമര്‍ ഇബ്നു ഖിദാബ് ആണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. സംഭവത്തിന്‍റെ ആധികാരികത ജമ്മു കാശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു. 

വീഡിയോയില്‍ കേള്‍ക്കുന്ന വിവരണത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രതിനിധി ആണെന്ന് സ്വയം വ്യക്തമാക്കുന്ന ആള്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, ട്രാഫിക് പൊലീസ്, രാഷ്രീയ റൈഫിള്‍, എസ്‍ടിഎഫ്, സിഐഡി, തുടങ്ങി എല്ലാ രാജ്യ സുരക്ഷാ ജോലികളില്‍നിന്നും രാജി വയ്ക്കാനാണ് ആവശ്യപ്പെടുന്നത്. രാജി വച്ച് ഇന്ത്യയില്‍നിന്ന് കാശ്മീരിന് സ്വാതന്ത്ര്യം ലഭിക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന്‍റെ ഭാഗമാകാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

നാല് ദിവസത്തിന് ശേഷമുള്ള രാജി കണക്കിലെടുക്കില്ല.  ഇത് അനുസരിക്കാത്ത പക്ഷം കുടുംബത്തെ അടക്കം കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനെ നയിക്കുന്നത് സയ്യദ് സലാഹുദ്ദീന്‍ ആണ്. 
 

click me!