'മോദി ചാരനോ'?, റഫാലിൽ അനിൽ അംബാനിക്കെതിരെ പുതിയ തെളിവ് പുറത്തു വിട്ട് രാഹുൽ ഗാന്ധി

Published : Feb 12, 2019, 12:10 PM ISTUpdated : Feb 12, 2019, 12:27 PM IST
'മോദി ചാരനോ'?, റഫാലിൽ അനിൽ അംബാനിക്കെതിരെ പുതിയ തെളിവ് പുറത്തു വിട്ട് രാഹുൽ ഗാന്ധി

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദി അതീവരഹസ്യമായ റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകിയെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. 

ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ഇത് തെളിയിക്കാൻ എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശവും രാഹുൽ ഗാന്ധി പുറത്തുവിട്ടു.

റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ പുതിയ ട്വിസ്റ്റാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റഫാൽ ഇടപാടുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഫ്രാൻസ് പര്യടനത്തിന് പോയതിന് പത്ത് ദിവസം മുൻപ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫിസിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു എന്നതിന് 'ദ് ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രം തെളിവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈ സന്ദർശനം സ്ഥിരീകരിച്ച് എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശം പുറത്തുവിടുന്നത്.

2015 മാർച്ച് അവസാനവാരമാണ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രിൽ 9  മുതൽ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷമായിരുന്നു ഇത്. റഫാൽ ഇടപാടിന്‍റെ അന്തിമ രൂപം തയ്യാറായി കരാർ ഒപ്പു വയ്ക്കപ്പെടുമെന്ന് നേരത്തേ അനിൽ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനിൽ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാൻ പോയത്. അങ്ങനെയെങ്കിൽ അത്തരം വിവരങ്ങൾ അനിൽ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങൾ അംബാനിക്ക് ചോർത്തി നൽകുകയായിരുന്നോ? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. 

രാഹുലിന്‍റെ വാർത്താസമ്മേളനം തത്സമയം ചുവടെ:

റഫാൽ ഇടപാട് എന്നാലെന്ത്? വിവാദങ്ങളെന്ത്?

ജൂൺ 2001-നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങൾ വാങ്ങാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സർക്കാർ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമായ തരത്തിൽ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിർമിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ആഗസ്റ്റിൽ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് ഫ്രാൻസിലെ വിമാനനിർമാണക്കമ്പനിയായ ദസോ ഏവിയേഷന് കരാർ ഏൽപിക്കാൻ ധാരണയായത്. ദസോ വികസിപ്പിച്ച 'റഫാൽ' എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങൾക്കുതകുന്നതാണെന്ന് കണ്ടാണ് കരാർ ഏൽപിച്ചത്. ആദ്യം 18 ജെറ്റ് വിമാനങ്ങൾ നിർമിച്ച് നൽകാനും, ബാക്കി വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ നൽകി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാർ നൽകിയത്. ദസോയുമായി തുടങ്ങിയ ചർച്ച 2014 വരെ നീണ്ടെങ്കിലും ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ യുപിഎ പരാജയപ്പെട്ടതോടെ, ചർച്ചകൾ തൽക്കാലം അവസാനിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വന്ന എൻഡിഎ സർക്കാർ ഏപ്രിൽ 2015-ന് ഫ്രാൻസിൽ നിന്ന് സർക്കാരുകൾ തമ്മിൽ 8.7 ബില്യൺ ഡോളർ ചെലവിൽ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങൾ നിർമിക്കാനുള്ള യുപിഎ സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. 

എന്നാൽ ഇതിനെ ശക്തമായി എതിർത്ത കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയർത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോൾ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. പഴയ കരാർ പ്രകാരം വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറിൽ ഇതില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 

എൻഡിഎ ഈ കരാറിൽ ഓരോ വിമാനത്തിനും നൽകുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാർലമെന്‍റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ യുപിഎ കാലത്തെ കരാർ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാൻസുമായി കരാർ ഒപ്പിടുന്നത് വൈകാൻ കാരണം വിലയിലെ തർക്കമാണെന്നും മോദി സർക്കാർ അവകാശപ്പെട്ടു. 

എന്നാൽ റഫാലിന്‍റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്തെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയൻസ് ഗ്രൂപ്പും ആരോപണങ്ങൾ നിരന്തരം നിഷേധിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ