താന്‍ തന്ത്രി ആവുമെന്ന പേടി വേണ്ട; മോഹനർക്ക് വീണ്ടും രാഹുലിന്‍റെ മറുപടി

Published : Oct 29, 2018, 05:18 PM ISTUpdated : Oct 29, 2018, 06:06 PM IST
താന്‍ തന്ത്രി ആവുമെന്ന പേടി വേണ്ട; മോഹനർക്ക് വീണ്ടും രാഹുലിന്‍റെ മറുപടി

Synopsis

തന്ത്രി കുടുംബം തള്ളിപ്പറഞ്ഞതിൽ നിരാശ ഇല്ലെന്ന് രാഹുൽ ഈശ്വർ. തന്ത്രി കുടുംബാംഗം എന്ന രീതിയിൽ അല്ല. സാധാരണക്കാരനായ അയ്യപ്പഭക്തൻ എന്ന നിലയിൽ ആണ് താൻ ശബരിമല വിഷയത്തിൽ ഇടപെട്ടത്. തനിക്കു മുഖ്യമന്ത്രിയെ ഭയം ഇല്ല, മറ്റു ചിലർക്ക് ഭയമുള്ളതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും രാഹുല്‍ ആരോപിച്ചു. 

തിരുവനന്തപുരം: ശബരിമല വിവാദത്തിനിടെ താഴമൺ തന്ത്രി കുടുംബത്തിലെ തർക്കവും മുറുകി. തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല ശബരിമല പ്രശ്നത്തിൽ ഇടപെട്ടതെന്ന് രാഹുൽ ഈശ്വർ ആവര്‍ത്തിച്ചു. താൻ തന്ത്രി ആകും എന്ന പേടി പലർക്കും ഉണ്ട്. തനിക്ക് ആ സ്ഥാനം വേണ്ട. വിശ്വാസത്തിനു വേണ്ടി പോരാടുന്ന വ്യക്തി മാത്രമാണ് താന്‍ എന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.

തന്ത്രി കുടുംബം തള്ളിപ്പറഞ്ഞതിൽ നിരാശ ഇല്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. തന്ത്രി കുടുംബാംഗം എന്ന രീതിയിൽ അല്ല. സാധാരണക്കാരനായ അയ്യപ്പഭക്തൻ എന്ന നിലയിൽ ആണ് താൻ ശബരിമല വിഷയത്തിൽ ഇടപെട്ടത്. തനിക്കു മുഖ്യമന്ത്രിയെ ഭയം ഇല്ല, മറ്റു ചിലർക്ക് ഭയമുള്ളതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും രാഹുല്‍ ആരോപിച്ചു. 

തന്ത്രി കണ്ഠരര് മോഹനരും രാജീവരും മോഹനരുടെ സഹോദരി മല്ലിക നമ്പൂതിരിയും മകൻ രാഹുൽ ഈശ്വറും ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയെ ഒരുപോലെ എതിർക്കുകയാണ്. പക്ഷെ യോജിച്ചുള്ള പ്രതിഷേധത്തിന് ഇവരാരും തയ്യാറായിട്ടില്ല. ഇതില്‍ നിന്ന് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത പ്രകടം. താഴമൺ കുടുംബത്തില്‍ പുരുഷന്മാരുടെ മക്കൾക്കാണ് താന്ത്രികാവകാശം. ആ അവകാശവും സ്ഥാനവും നേടിയെടുക്കാനും കുടുംബത്തിൻറെ പേര് ഉപയോഗിക്കാനും രാഹുൽ ശ്രമിക്കുന്നുവെന്നാണ് മറുപക്ഷത്തിൻറെ എക്കാലത്തെയും പരാതി.

അയ്യപ്പധർമ്മസേനയുടെ പേരിലുള്ള രാഹുലിൻറെ പ്രത്യക്ഷസമരങ്ങളോടും താഴമൺ കുടുംബത്തിന് യോജിപ്പില്ല. സന്നിധാനം അശുദ്ധമാക്കാനുള്ള 'പ്ലാൻ ബി' നീക്കവും അതിൻറെ പേരിലെ രാഹുലിന്‍റെ അറസ്റ്റും കുടുംബത്തിന് ഉള്ളില്‍ നിന്ന് തന്നെയുള്ള എതിർപ്പ് കൂടുതൽ ശക്തമാക്കി. തന്ത്രികുടുംബവുമായി രാഹുലിന് ഒരുബന്ധവുമില്ലെന്ന് തള്ളിപ്പറഞ്ഞ കണ്ഠരര് മോഹനർക്കാണ് രാഹുൽ വീണ്ടും മറുപടി നൽകിയത്. രാഹുലിൻറെ മുത്തശ്ശിയും അമ്മയും ഭാര്യയും വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഇതിനിടെ, രാഹുലിനെതിരെ മീ ടൂ ആരോപണവും ഉയര്‍ന്നിരുന്നു. ഇഞ്ചിപ്പെണ്ണ് എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായ വ്യക്തിയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയുടെ ആരോപണം പുറത്തുവിട്ടത്. 2003-2004 കാലത്ത് രാഹുൽ ഈശ്വർ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കടന്ന് പിടിച്ച് ചുംബിച്ചെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച രാഹുല്‍ ഈശ്വര്‍, ഇത്തരം പേരില്ലാത്ത ആരോപണങ്ങള്‍  മീടു മുന്നേറ്റത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ