അമിത് ഷായുടെ മകനെതിരെയുള്ള ആരോപണം; മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ

By Web DeskFirst Published Oct 9, 2017, 10:05 PM IST
Highlights

ന്യൂ‍ഡല്‍ഹി: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ഒറ്റ വർഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയതിൽ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സത്യം പറയുകയാണ് താൻ ചെയ്തതെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക രോഹിണി സിംഗ് വ്യക്തമാക്കി. ജയ് ഷായ്ക്ക് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിയമോപദേശം നല്കിയതിന് എതിരെ പ്രതിപക്ഷം രംഗത്തു വന്നു.

ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കൂടി ഉടമസ്ഥതയിലുള്ള ടെംപിൾ എൻറർപ്രൈസസ് എന്ന കമ്പനി 50,000 രൂപയിൽ നിന്ന് ഒറ്റ വർഷം കൊണ്ട് 80.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഉയർന്നു എന്ന് ദി വയർ എന്ന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയ്ക്കെതിരെ അമിത് ഷായുടെ മകൻ നിയമനടപടി തുടങ്ങിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട നോട്ടീസ് ഓൺലൈൻ മാധ്യമത്തിന് അയച്ചിരിക്കുന്നത്. എന്നാൽ ബിജെപിക്കെതിരെ നീക്കം ശക്തമാക്കിയ കോൺഗ്രസ് അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞു. അഴിമതിയിൽ നരേന്ദ്ര മോദി കാവൽക്കാരനാണോ അതോ പങ്കാളിയാണോ എന്ന ചോദ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തു വന്നു.

വാർത്ത പുറത്തു കൊണ്ടു വന്ന റിപ്പോർട്ട് രോഹിണി സിംഗ് സത്യം പറയുകയാണ് തൻറെ ജോലിയെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ജയ്ഷായ്ക്ക് നിയമോപദേശം നല്കാൻ ശനിയാഴ്ച താൻ നിയമമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നു എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. തുഷാർ മേത്ത മുമ്പ് ഗുജറാത്തിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു. ആവശ്യമെങ്കിൽ ജയ് ഷായ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുമെന്നും തുഷാർ മേത്ത പറഞ്ഞു. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എന്തിന് ഒരു സ്വകാര്യ വ്യക്തിയുടെ വിഷയത്തിൽ ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ദില്ലിയിലെ പാർട്ടി വക്താക്കളൊന്നും ഇന്നീ വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് ബിജെപി നിർദ്ദേശം നല്‍കിയിരുന്നു.
 

click me!