കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും

By Web DeskFirst Published Dec 16, 2017, 6:49 AM IST
Highlights

ദില്ലി: 19 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കോണ്‍ഗ്രസില്‍ ഇന്ന് അധികാരക്കൈമാറ്റം. അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന്  രാഹുല്‍ ഗാന്ധി അദ്ധ്യക്ഷപദമേറ്റെടുക്കും. രാവിലെ പത്തരയക്ക് എഐഎസിസി ആസ്ഥാനത്തെ പുല്‍ത്തകിടിയിലാണ് ചടങ്ങ്. ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പിസിസി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം  ദില്ലിയിലെത്തിക്കഴിഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. പുതിയ യുഗത്തിന് കൊടിയുയര്‍ത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍  എഐസിസി അദ്ധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറും. സോണിയാ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗമാണ് പിന്നീട്. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം പദവിയില്‍ ഇരുന്ന അദ്ധ്യക്ഷ എന്ന ബഹുമതിയോടെയാണ് സോണിയയുടെ വിടവാങ്ങല്‍.

പാര്‍ട്ടിയില്‍ ഇനിയെന്ത് പങ്കാണ് വഹിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വിരമിക്കല്‍ എന്നായിരുന്നു ഇന്നലെ സോണിയയുടെ പ്രതികരണം. സജീവ രാഷ്‌ട്രീയത്തോട് സോണിയ വിട പറയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതോടെ പ്രചരിച്ചു. എന്നാല്‍ തെട്ടുപിറകെ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ കൊണ്ട് കോണ‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയുടെ ട്വിറ്റര്‍ സന്ദേശമെത്തി.

അദ്ധ്യക്ഷ പദവിയില്‍ നിന്നു മാത്രമാണ് സോണിയ വിടവാങ്ങുന്നതെന്നും മാര്‍ഗദര്‍ശിയായി സോണിയ എന്നും പാര്‍ട്ടിയുട കൂടെ ഉണ്ടാകുമെന്നുമായിരുന്നു സന്ദേശം. സോണിയയുടെ പ്രസംഗത്തിന് ശേഷം പുതിയ അദ്ധ്യക്ഷന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അധികാരകൈമാറ്റത്തിന്റെ ഭാഗമായി രാജ്യമെങ്ങും ആഘോഷങ്ങളും  സംഘടിപ്പിച്ചിട്ടുണ്ട്.

 

click me!