
ദില്ലി: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാർഷിക വായ്പകൾ എഴുതിത്തള്ളിയതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് ഈ സന്തോഷം രാഹുൽ ഗാന്ധി പങ്ക് വച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസ് നേടിയത് ഉജ്ജ്വല വിജയമാണ്. കോൺഗ്രസിന് അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.
''അത് പൂർത്തിയായി. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കാർഷിക വായ്പകളിൽ നിന്ന് മുക്തമായിരിക്കുകയാണ്. പത്ത് ദിവസമാണ് ഞങ്ങൾ ചോദിച്ചത്. എന്നാൽ രണ്ട് ദിവസം കൊണ്ട് അത് പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു.'' രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ രണ്ട് ലക്ഷം രൂപ താഴെയുളള കാർഷിക വായ്പകൾ എഴുതിത്തള്ളിയതായി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗലും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നു.
കാർഷിക വായ്പകൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ ചരിത്രപരമായ തീരുമാനത്തിലൂടെ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് കോൺഗ്രസ് പാർട്ടി. പ്രധാനമന്ത്രി ഉറക്കത്തിലാണെന്നും കോൺഗ്രസ് ഉണർത്തുമെന്നുമാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam