
റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടു വന്ന സ്മാര്‍ട്ട് ഫോണ്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ നല്‍കി. രമണ്‍ സിംഗ് സര്‍ക്കാരിന്‍റെ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയായ സഞ്ചാര്‍ ക്രാന്തി യോജന നിര്‍ത്തിവെയ്ക്കാന്‍ ഭൂപേഷ് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയായിരുന്നു സഞ്ചാര്‍ ക്രാന്തി യോജന. ഇതിനകം 30 ലക്ഷത്തോളം ഫോണുകള്‍ വിതരണം ചെയ്തുവെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന കണക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സഞ്ചാര്‍ ക്രാന്തി യോജന നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും എസ്പിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫന്‍സിംഗിലാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങും മുമ്പ് ജൂലെെയിലാണ് സഞ്ചാര്‍ ക്രാന്തി യോജന പദ്ധതി രമണ്‍ സിംഗ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍, കനത്ത പരാജയമാണ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. കൃത്യമായി എടുത്ത് കാട്ടാന്‍ ഒരു നേതാവ് പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam