Latest Videos

രാജ് താക്കറെയുടെ പിറന്നാള്‍ ദിനത്തില്‍ പെട്രോളിന് വമ്പന്‍ വിലക്കുറവ്

By Web DeskFirst Published Jun 14, 2018, 4:52 PM IST
Highlights
  •  മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 9 രൂപ വരെ കിഴിവ്

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ്താക്കറെയുടെ 50-ാം ജന്മദിനമാണ് ഇന്ന്. താക്കറെയുടെ പിറന്നാള്‍ ദിനത്തില്‍ സന്തോഷിക്കുന്നത് മഹാരാഷ്ട്രയിലെ ഇരുചക്രവാഹന ഉടമകളാണ്. ഒരു ലിറ്ററിന് 4-9 വരെ രൂപ കുറച്ചാണ് താക്കറെ ഇരുചക്രവാഹന ഉടമകള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ പെട്രോള്‍ വിതരണം ചെയ്തത്. 

പെട്രോള്‍ പമ്പുകളില്‍ ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തങ്ങളുടെ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കാനുള്ള സാധാരണക്കാരുടെ തിരക്കായിരുന്നു അവിടെ. തെരഞ്ഞെടുത്ത പമ്പുകളിലാണ്  താക്കറെയുടെ പിറന്നാള്‍ ദിനത്തില്‍ വില കുറച്ച് പെട്രോള്‍ വിതരണം ചെയ്തത്.

പെട്രോള്‍ വില കുത്തനെ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് താന്‍ വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കുന്നതെന്ന് ഒരു വാഹന ഉടമ പറഞ്ഞു. രാജ് താക്കറയെപ്പോലെ മോദിയും പെട്രോള്‍ വില കുറയ്ക്കുമെന്നാണ് കരുതുന്നതെന്നും ജനങ്ങള്‍ പ്രതികരിച്ചു.

മഹാരാഷ്ട്രയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 84.26 രൂപയാണ്. ചില പമ്പുകളില്‍ 4-5 വരെയാണ് വില കുറച്ചിരിക്കുന്നത്, ചില പമ്പുകളില്‍ 9 രൂപയുടെ കുറവാണ് ലിറ്ററിന് നല്‍കിയിരിക്കുന്നത്. മുംബൈയിലെ ശിവാജി മണ്ഡലത്തില്‍ ലിറ്ററിന് 9 രൂപ കുറച്ചാണ് പെട്രോള്‍ വിതരണം ചെയ്യുന്നത്. 

2019 ല്‍ മോദി മുക്ത ഭാരതം സാധ്യമാക്കണമെന്ന് രാജ് താക്കറെ ആഹ്വാനം ചെയ്തത് കഴിഞ്ഞ മാര്‍ച്ചില്‍ ആണ്. ഇന്ത്യയ്ക്ക് ആദ്യ സ്വാതന്ത്ര്യം കിട്ടിയത് 1945 ലും രണ്ടാമത്തേത് അടിയന്തിരാവസ്ഥ കാലത്തിന് ശേഷം 1977 ലുമാണ്. ഇനി മൂന്നാം സ്വാതന്ത്ര്യം അത് 2019ലായിരിക്കുമെന്നും എന്‍ഡിഎ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രാജ് താക്കറെ പറഞ്ഞിരുന്നു. 

click me!