Latest Videos

'ഇമ്രാന്‍ ഖാന് ഭീകരവാദത്തെപ്പറ്റി പറയാന്‍ അവകാശമില്ല'; രൂക്ഷപ്രതികരണവുമായി രാജ്നാഥ് സിംഗ്

By Web TeamFirst Published Feb 22, 2019, 2:20 PM IST
Highlights

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങാൻ ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകിയിട്ടുണ്ട്

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാന്‍ പോലും തയാറാകാതിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്നാഥ് സിംഗ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്ന് രാജ്നാഥ് സിംഗ് തുറന്നടിച്ചു.

ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനങ്ങള്‍. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കുറ്റം ചുമത്തുന്നത് പാകിസ്ഥാനെയാണ്. എന്നാല്‍, പാകിസ്ഥാന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നാണ് ഇമ്രാന്‍ ഖാന്‍റെ വാദം. ഇതിനിടെ പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.

ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങാൻ ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേർത്തിരുന്നു.

പാകിസ്ഥാൻ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു  ഇമ്രാൻ ഖാൻ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക്  ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള നിലപാട് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.

click me!