
ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു. രാവിലെ 11 മണി മുതൽ പാർലമെന്‍റ് ലൈബ്രറി മന്ദിരത്തിലാണ് സർവകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
തീവ്രവാദത്തിനെതിരെ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗത്തിൽ പ്രമേയം പാസ്സാക്കി.
ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച നിലപാട് ഇന്നും കോൺഗ്രസ് ആവർത്തിച്ചു. ഇത്തരമൊരു ആക്രമണത്തിനിടയിൽ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോൺഗ്രസ് സർക്കാരിന് പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam