
ലക്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത പരിപാടിയിൽ വ്യാപക പ്രതിഷേധം. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ലക്നൗവിൽ യുവ കുംഭ് പരിപാടിയിൽ സംസാരിക്കവെ രാജ്നാഥ് സിങിനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
‘രാമക്ഷേത്രം പണിയുന്ന പാര്‍ട്ടിക്ക് മാത്രമായിരിക്കും ഞങ്ങള്‍ വോട്ട് ചെയ്യുക’ എന്ന് പ്രസംഗത്തിനിടെ പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. തുടർന്ന് സംഘാടകർ പ്രതിഷേധക്കാരോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. തുടര്‍ന്ന് അഞ്ച് മിനിറ്റോളം രാജ്നാഥ് സിങിന്റെ പ്രസംഗം തടസ്സപ്പെട്ടു. മിണ്ടാതിരുന്നാല്‍ മാത്രമേ താന്‍ പ്രസംഗിക്കുകയുളളൂവെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതേ പരിപാടിയിൽ പങ്കെടുക്കവേ അയോധ്യയില്‍ രാമക്ഷേത്രം എന്നെങ്കിലും നിലവില്‍ വരുന്നുണ്ടെങ്കില്‍ അത് നിര്‍മിക്കുനത് ബി ജെ പി ആയിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ചരിത്രകാരന്മാര്‍ ഇതുവരെ ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും യോഗി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാമന്റെയും കൃഷണന്റെയും നിലനില്‍പ്പിനെ നിഷേധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അവര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും യോഗി കൂട്ടിച്ചേർത്തു.
പരിശുദ്ധമായ ഹിന്ദുത്വത്തെ വോട്ടിനുവേണ്ടി ചിലർ ദുരുപയോഗിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam