റോഹിംഗ്യകളെ കുറിച്ച് വിവരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

By Web TeamFirst Published Oct 1, 2018, 4:20 PM IST
Highlights

'അഭയാര്‍ത്ഥികളായെത്തുന്ന റോഹിംഗ്യകളെ തിരിച്ചറിഞ്ഞ്, വിശദവിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും റോഹിംഗ്യകള്‍ എത്തിയിരിക്കുകയാണിപ്പോള്‍'
 

കൊല്‍ക്കത്ത: അഭയാര്‍ത്ഥികളായ റോഹിംഗ്യകളെ കുറിച്ച് ലഭ്യമായ വിവരം ശേഖരിച്ച് നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. റോഹിംഗ്യകളുടെ വിഷയം മ്യാന്‍മറുമായി സഹകരിച്ച് നയതന്ത്രപരമായി പരിഹരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. 

'അഭയാര്‍ത്ഥികളായെത്തുന്ന റോഹിംഗ്യകളെ തിരിച്ചറിഞ്ഞ്, വിശദവിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും റോഹിംഗ്യകള്‍ എത്തിയിരിക്കുകയാണിപ്പോള്‍'- രാജ്‌നാഥ് സിംഗ് പറഞ്ഞു. 

റോഹിംഗ്യന്‍ വിഷയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു രാഷ്ട്രീയായുധമാക്കരുതെന്നും റോഹിംഗ്യകള്‍ നിയമവിരുദ്ധരായ കടന്നുകയറ്റക്കാരാണെന്നും ആരും ഇന്ത്യയിലെവിടെയങ്കിലും കഴിയാന്‍ ഏതെങ്കിലും തരത്തിലുള്ള അനുമതി തേടിയവരെല്ലന്നും നേരത്തേ രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. 

ഉത്തരേന്ത്യയില്‍ നിന്നും വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുമായി ആയിരക്കണക്കിന് റോഹിംഗ്യകള്‍ കേരളത്തിലേക്ക് പലായനം ചെയ്യുന്നതായി റെയില്‍വേ സംരക്ഷണ സേന അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി. 

കുടുംബവുമായി പലായനം ചെയ്‌തെത്തുന്ന റോഹിംഗ്യകള്‍ ചെന്നൈയിലും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലുമിറങ്ങിയ ശേഷം കേരളത്തിലേക്ക് കടക്കുന്നുവെന്നായിരുന്നു ആര്‍പിഎഫ് അറിയിച്ചിരുന്നത്. ഇതിനാല്‍ ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കണമെന്നും റെയില്‍വേ പൊലീസ് നിര്‍ദേശിച്ചിരുന്നു.
 

click me!