
ദില്ലി: സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി നാളെ വിധി പറയും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന നൽകിയ ഹർജിയാണ് കോടതി നാളെ പരിഗണിക്കുന്നത്.
കൈക്കൂലി കേസിൽ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് സിബിഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവും ഇട്ടിരുന്നു.
അതിനിടെ വീണ്ടും സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ അർധരാത്രി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി തന്നെ അലോക് വർമ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam