മുൻ സിബി‌ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന വ്യോമയാന സുരക്ഷാ വിഭാഗം തലവനായി ചുമതലയേറ്റു

By Web TeamFirst Published Jan 18, 2019, 7:37 PM IST
Highlights

വെള്ളിയാഴ്ച അസ്താനയെ സിബിഐയിൽ നിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദവിയിലേക്ക് അസ്താനയെ നിയമിക്കുന്നത്. താൽക്കാലിക നിയമനമാണ്. കാബിനറ്റ് സെലക്ഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.  

ദില്ലി: മുൻ സിബി‌ഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. വെള്ളിയാഴ്ച അസ്താനയെ സിബിഐയിൽ നിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദവിയിലേക്ക് അസ്താനയെ നിയമിക്കുന്നത്. താൽക്കാലിക നിയമനമാണ്. കാബിനറ്റ് സെലക്ഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.  
 
മുൻ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാകേഷ് അസ്താനയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ഇതിനെതിരെ രാകേഷ് അസ്താന ഹര്‍ജി നൽകിയിരുന്നെങ്കിലും ദില്ലി ഹൈക്കോടതി തള്ളി. കൂടാതെ അസ്താനക്കെതിരെയുള്ള പരാതിയിൽ അന്വേഷണം പൂര്‍ത്തിയാക്കാൻ കോടതി സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അസ്താനയെ സിബിഐയിൽ നിന്ന് മാറ്റിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. അസ്താന ഉൾപ്പടെ നാല് ഉദ്യോഗസ്ഥരെയാണ് സിബിഐയിൽ നിന്ന് ‍മാറ്റിയത്. ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് കാബിനറ്റ് സെലക്ഷൻ സമിതി നേരത്തെ ഉത്തരവിറക്കിയിരുന്നു. 

കൈക്കൂലി കേസിൽ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് സിബിഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവും ഇട്ടിരുന്നു.    
 
അതേസമയം നരേന്ദ്രമോദി, അമിത്ഷാ ഉൾപ്പടെയുള്ള നേതാക്കളുടെ അടുപ്പക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് രാകേഷ് അസ്താന. അസ്താന നൽകിയ പരാതിയിലാണ് മുൻ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തിയത്. ആ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സെലക്ഷൻ സമിതി അലോക് വര്‍മ്മയെ പുറത്താക്കിയത്.  

click me!