
ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്, വിധി പ്രഖ്യാപിച്ച പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായി ഹരിയാന പൊലീസ്.
വിധി പ്രഖ്യാപനത്തിന് ശേഷം റോത്തക് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒരു ചുവന്ന ബാഗ് വാഹനത്തില്‍ നിന്ന് എടുത്തു നല്‍കാന്‍ ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നു. തന്റെ വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളുമാണ് ബാഗിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ ബാഗ് അനുയായികള്‍ക്കുള്ള സൂചനയാണെന്ന് പിന്നീട് മനസിലായതായി ഹരിയാന പൊലീസ് ഐ.ജി കെ.കെ റാവു പറഞ്ഞു.
വന്‍ വാഹന വ്യൂഹത്തോടൊപ്പം എത്തിയ ഗുര്‍മീതിന്റെ വാഹനത്തില്‍ നിന്ന് ആ ചുവന്ന ബാഗ് എടുത്തതോടു കൂടിയാണ് കോടതി പരിസരത്തും അതേസമയം തന്നെ മറ്റു പലയിടങ്ങളിലും അക്രമം ആരംഭിച്ചത്. ഇത് കോടതി പരിസരത്ത് അക്രമം അഴിച്ച് വിട്ട് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഹരിയാന പൊലീസിന്റെ സമയോജിത ഇടപെടലാണ് ഇത് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്ക് പുറത്തുവന്ന ശേഷം ചുവപ്പ് ബാഗ് ആവശ്യപ്പെട്ടതിനു പിന്നാലെ വാഹനത്തില്‍ കയറാനും ഗുര്‍മീത് വിസമ്മതിച്ചു. ബാഗ് നല്‍കിയ സന്ദേശം എല്ലാവരിലും എത്തിക്കാന്‍ സമയം നല്‍കുകയായിരുന്നു ഗുര്‍മീത് ലക്ഷ്യമിട്ടത്. അതേസമയം തന്നെ ഗുര്‍മീതിന്റെ ്അനുയായികള്‍ എത്തിയ എഴുപതിലധികം വാഹനങ്ങള്‍ കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇവര്‍ വാഹനങ്ങള്‍ മാരകായുധങ്ങളുമായിട്ടാണ് എത്തിയത്.
ഈ സാഹചര്യത്തില്‍ ഗുര്‍മീതിനെ സുരക്ഷിതമായി ഹെലിപാഡില്‍ എത്തിക്കുക എന്നത് ശ്രമകരമായിരുന്നു. ഹെലിപാഡിലേക്കുള്ള വഴിയിലായിരുന്നു അനുയായികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതെന്നതും പ്രശ്‌നം ഇരട്ടിയാക്കി. എന്നാല്‍ കുറച്ചധികം പൊലീസ് വാഹനങ്ങള്‍ സജ്ജമാക്കി ഡി.സി.പിയുടെ വാഹനത്തില്‍ ഗുര്‍മീതിനെ നിര്‍ബന്ധിച്ചു കയറ്റിയിരുത്തി. തുടര്‍ന്ന് ഒരേസമയം രണ്ട് വാഹനവ്യൂഹങ്ങളായി രണ്ട് ദിശകളിലേക്ക് പോവുകയായിരുന്നു.
ഗുര്‍മീതിനെ മറ്റൊരു വഴിയാണ് ഹെലിപാഡില്‍ എത്തിച്ചത്. രണ്ടാമത്തെ വാഹന വ്യൂഹം ആക്രമിക്കപ്പെടുകയും ചെയതു. ഗുര്‍മീതിന്റെ സുരക്ഷയ്ക്ക് കമാന്റോകളെയും ഏര്‍പ്പെടുത്തിയിരുന്നു. ഒരുപക്ഷെ കോടതിയില്‍ നിന്ന് ഗുര്‍മീതിനെ മാറ്റാന്‍ വൈകിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേനെ എന്നും ഐ.ജി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam