അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ

By Web TeamFirst Published Feb 2, 2019, 5:33 PM IST
Highlights

ഉത്തർപ്രദേശിലെ ഗജ്റൗലയിൽ നടന്ന ബി ജെ പി റാലിയിലാണ് അമിത് ഷാ രാമക്ഷേത്ര നിർമാണം പരാമർശിച്ചത്

ലക്നൗ: അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തർപ്രദേശിലെ ഗജ്റൗലയിൽ നടന്ന ബി ജെ പി റാലിയിലാണ് അമിത് ഷാ രാമക്ഷേത്ര നിർമാണം പരാമർശിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും വികസനത്തിനും ഒരു ശക്തനായ നേതാവ് ആവശ്യമാണ്. ആ നേതാവ് ബിജെപിക്കൊപ്പമാണ്. ആ നേതാവാണ് നരേന്ദ്രമോദിയെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു. 

വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് സ്വാമി സ്വരൂപാനന്ദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേർന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്.

Read More : വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും; സ്വാമി സ്വരൂപാനന്ദ്

അയോധ്യയിൽ തർക്കഭൂമിക്കു പുറത്തുള്ള അധിക ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവന. തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിൻ്റെ 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി നൽകണമെന്ന് കാണിച്ചാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

അയോധ്യകേസ് വൈകുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് ഇനിയും വൈകിപ്പിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 
 

click me!