
മുംബൈ: കേന്ദ്ര ധനബജറ്റിനെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാമ്ന. എല്ലാ തരം ആളുകളെയും പരിഗണിച്ചു കൊണ്ടുള്ള ജനകീയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് സാമ്ന പ്രശംസിച്ചു. ദീർഘകാലത്തിന് ശേഷമാണ് കേന്ദ്ര സർക്കാരിനെ അനൂകൂലിച്ച് ശിവസേന മുഖപത്രം രംഗത്ത് വരുന്നത്. ഇത് മഹാരാഷ്ട്രയിൽ വീണ്ടും ബി ജെ പി ശിവസേന സഖ്യമുണ്ടാകുമെന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
മഴ കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്ക് പദ്ധതികളുടെ പെരുമഴയാണ് കേന്ദ്ര സർക്കാർ നൽകിയത് എന്ന ആമുഖത്തോടെയാണ് സാമ്നയുടെ മുഖപ്രസംഗം ആരംഭിക്കുന്നത്. കർഷകർക്ക് ധനസഹായവും നികുതി ഘടനയിൽ മാറ്റവും അടക്കം ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ മുന്നോട്ട് വന്നുവെന്ന് സാമ്ന വിലയിരുത്തുന്നു.
ബി ജെ പി ശിവസേന സഖ്യം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിനെ പ്രശംസിച്ചുള്ള സാമ്നയുടെ മുഖപ്രസംഗം. ഇത് സഖ്യത്തിന് ആക്കം കൂട്ടുന്നതാണെന്നാണ് രാഷ്ട്രീയ നീരീഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്ച്ച കൂടിയ ശിവസേന എം പിമാരുടെ യോഗത്തിൽ ബി ജെ പിയുമായി സഖ്യം വേണം എന്ന് ഒരു വിഭാഗം എം പിമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുന്നത് ഉദ്ധവ് താക്കറെയാണെന്നും അറിയിച്ചു.
സംസ്ഥാനത്ത് സഖ്യത്തിൽ തങ്ങളാണ് വല്യേട്ടനെന്ന് സഖ്യ സാധ്യതകൾ തള്ളാതെ ശിവസേന എം പി സഞ്ജയ് റൗത്ത് പ്രതികരിച്ചിരുന്നു. ലോക്സഭയിൽ പാതി സീറ്റുകൾ എന്ന ശിവസേനയുടെ ആവശ്യം ബി ജെ പി അംഗീകരിച്ചതായാണ് സൂചന. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ധവ് താക്കറെയെ അത്താഴ വിരുന്നിനായി ദില്ലിക്ക് ക്ഷണിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുമുണ്ട്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പദവും കൂടുതൽ സീറ്റുകളും എന്ന ശിവസേനയുടെ ആവശ്യം കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. കൂടാതെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഇടപെടലും ശിവസേനയുടെ നിലപാട് മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam