റമദയുടെ നിയമലംഘനം; ആദ്യം ഫയല്‍ പൂഴ്ത്തി, പരാതി നല്‍കിയതോടെ പൊങ്ങി

By Web TeamFirst Published Feb 12, 2019, 12:02 PM IST
Highlights

പുറമ്പോക്ക് തോട് കയ്യേറി നിര്‍മ്മാണം നടത്തിയതും സര്‍ക്കാര്‍ കെട്ടിയ കായല്‍ ബണ്ട് പൊളിച്ച് നീക്കി സ്വകാര്യ തോടുണ്ടാക്കിയതും ഒരു ഘട്ടത്തില്‍ നടപടികളിലേക്ക് പോയതാണ്.

ആലപ്പുഴ: 2014 ല്‍ ആലപ്പുഴയിലെ സിപിഐ മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയോടെയാണ് റമദയുടെ നിയമലംഘനങ്ങളില്‍ നടപടിയെടുക്കാതെ പൂഴ്ത്തിയ ഫയല്‍ വീണ്ടും സജീവമായത്. അതേ സിപിഐ ഇന്ന് റവന്യൂ വകുപ്പ് ഭരിക്കുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥരെ കൊണ്ട് പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയുന്നുമില്ല.

പുറമ്പോക്ക് തോട് കയ്യേറി നിര്‍മ്മാണം നടത്തിയതും സര്‍ക്കാര്‍ കെട്ടിയ കായല്‍ ബണ്ട് പൊളിച്ച് നീക്കി സ്വകാര്യ തോടുണ്ടാക്കിയതും ഒരു ഘട്ടത്തില്‍ നടപടികളിലേക്ക് പോയതാണ്. 2013 ല്‍ ഒത്തുതീര്‍പ്പ് സാധ്യതയില്ലെന്ന് ജില്ലാ കലക്ടറുടെ യോഗത്തില്‍ തീരുമാനമെടുത്തതല്ലാതെ പിന്നീട് ഒന്നും സംഭവിച്ചില്ല. ജില്ലാ കലക്ടറുടെ യോഗത്തിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആലപ്പുഴ നഗരസഭയക്ക് ഈ കയ്യേറ്റം ഒഴിപ്പിക്കാമായിരുന്നു. 

പക്ഷേ എല്ലാവരുടെയും ഒത്താശയോടെ ആ ഫയല്‍ പൂഴ്ത്തുകയാണ് ചെയ്തത്. ഒരു വര്‍ഷത്തോളം നടപടിയില്ലാതെ വന്നതോടെ സിപിഐ മണ്ഡലം കമ്മിറ്റി 19.05.2014 ല്‍ പരാതി നല്‍കി. പതുക്കെ ഫയല്‍ പൊങ്ങി. അവസാനം 2017 ല്‍ കലക്ട്രേറ്റില്‍ ഫയല്‍ സജീവമാവുകയായിരുന്നു. പരാതി കൊടുത്ത സിപിഐ റവന്യൂ വകുപ്പ് ഭരിക്കുമ്പോഴാണ് റമദ കേസിലെ നിര്‍ണ്ണായ രേഖകള്‍ നഷ്ടപ്പെടുന്നത്. ചില രേഖകള്‍ ബന്ധപ്പെട്ടവര്‍ കാണാതെ ഒളിപ്പിച്ച് വെക്കുന്നതും. 

സിപിഐ സംസ്ഥാനത്ത് അധികാരത്തിലെത്തി കൊല്ലം മൂന്ന് കഴിഞ്ഞിട്ടും റമദ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ല. ഫയല്‍ പൂഴ്ത്തി വെച്ച നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടി പോലും സിപിഐ നേതൃത്വം നല്‍കുന്ന റവന്യൂ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. നാല് കൊല്ലം മുമ്പ് സിപിഐ നല്‍കിയ പരാതിയില്ലായിരുന്നെങ്കില്‍ റമദയുടെ കയ്യേറ്റം ഒരു പക്ഷേ ഒരു നടപടിയുമില്ലാതെ മുങ്ങിപ്പോയേനെ. പക്ഷേ ഇപ്പോഴും സിപിഐ നേതൃത്വം നല്‍കുന്ന റവന്യൂ വകുപ്പിലെ ചില ഉന്നതര്‍ തന്നെയാണ് റമദയക്ക് ഒത്താശ നല്‍കുന്നത്.
 

click me!