
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേരള കോണ്‍ഗ്രസ് നീക്കം കടുപ്പിക്കുന്നു. കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തിന്‍റെ സൂത്രധാരൻ ചെന്നിത്തലയാണെന്ന് പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിന് മാണി കൂട്ടു നില്‍ക്കാത്തതാണ് ഗൂഢാലോചനയ്‍ക്കു നേതൃത്വം നല്‍കാൻ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.
കെഎസ്‍സിഎം സംസ്ഥാന പ്രസിഡന്‍റ് രാഖേഷ് ഇടപ്പുര എഴുതിയ ബാര്‍ കോഴ വിവാദവും കള്ളക്കളികളും എന്ന ലേഖനത്തിൽ ചെന്നിത്തലെയ്ക്കെതിരായ ആരോപണങ്ങള്‍ ഇങ്ങനെ- മുഖ്യമന്ത്രിയെ മാറ്റി മറ്റൊരാള്‍ മുഖ്യമന്ത്രിയാകാൻ നടത്തിയ ഗൂഢ ശ്രമങ്ങള്‍ക്ക് കെ എം മാണി കൂട്ടു നിന്നില്ല. ഇതാണ് മാണിക്കെതിരായ ഗൂഢാലോചനയ്‍ക്കു നേതൃത്വം നല്‍കാൻ ചിലരെ പ്രേരിപ്പിച്ചത്. ചെന്നിത്തല അമേരിക്കയിലായിരുന്ന സമയത്താണ് മാണിക്കെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചത്. തൊട്ടടുത്ത ദിവസം കൊച്ചിയിൽ വിമാനമിറങ്ങിയ ചെന്നിത്തല, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നോണം കെ എം മാണിക്കെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ടു. എന്നാൽ ഇതിനെക്കാള്‍ ഗുരുതരമായ കണ്‍സ്യൂമര്‍ ഫെഡ്, കശുവണ്ടി കോര്‍പറേഷന്‍ ആരോപണങ്ങള്‍ വന്നപ്പോള്‍ ചെന്നിത്തല സമീപിച്ചതെങ്ങനെയാണെന്ന് ജനങ്ങള്‍ക്കറിയാം. ചെന്നിത്തല വിദേശത്തേയ്ക്ക് പോകും മുന്പ് തന്നെ മാണിയെ കുടുക്കുന്നതിനുള്ള തിരക്കഥ തയ്യാറായിരുന്നുവെന്ന കടുത്ത ആരോപണമാണ് ലേഖനത്തിലുള്ളത്. ചെന്നിത്തലയ്ക്കെതിരെ സ്റ്റിയറിങ് കമ്മിറ്റിക്കു മുന്നേകൂട്ടി നേതാക്കളെ കെ എം മാണി കളത്തിലിറക്കിയിരുന്നു. എന്നാൽ സ്റ്റിയിറിങ് കമ്മിറ്റിയിൽ പാര്‍ട്ടിയുടെ ഗൂഢാലോചന അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല . ഇപ്പോള്‍ സ്റ്റിയിറിങ് കമ്മിറ്റിക്ക് ശേഷം പോഷക സംഘടനാ നേതാക്കള്‍ വീണ്ടും കളത്തിലിറങ്ങുന്നു. മുന്നണിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ് ചെന്നിത്തലയ്ക്കെതിരെ നീക്കം കേരള കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam