
തിരുവനന്തപുരം: പേരാമ്പ്ര ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതികളായ സിപിഎമ്മുകാരെ എഫ്ഐആര്‍ തിരുത്തി രക്ഷിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നാട്ടില്‍ കലാപത്തിന് ബോധപൂര്‍വ്വം ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പേരാമ്പ്ര സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
പേരാമ്പ്ര മസ്ജിദിന് നേരെ കല്ലെറിഞ്ഞത് നാട്ടില്‍ മതസ്പര്‍ദ്ധ സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. അതിന്‍റെ പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മറ്റ് എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്. എന്നാല്‍ പൊലീസ് നിഷ്പക്ഷമായ നടപടി സ്വീകരിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി.ജയരാജനും രംഗത്തെത്തി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും പ്രതിഷേധിച്ചു. തുടര്‍ന്നാണ് എഫ്ഐആറില്‍ മാറ്റം വരുത്തിയതും ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം നൽകിയതും. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു.
പേരാമ്പ്ര മസ്ജിദ് കേസില്‍ എഫ്ഐആര്‍ തിരുത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സംഭവത്തിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam