ജീവന് ഭീഷണി:ഗുജറാത്തില്‍ നിന്നും യുപി - ബീഹാർ സ്വദേശികൾ പാലായനം ചെയ്യുന്നു

By Web TeamFirst Published Oct 7, 2018, 11:47 PM IST
Highlights

സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായതിനെ പിന്നാലെയാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ ഗുജറാത്തില്‍ വ്യാപക ആക്രമങ്ങള്‍ ഉണ്ടായത്. സംഭവത്തെ തുടർന്ന് നൂറോളം കുടിയേറ്റ തൊഴിലാളികള്‍ ഗുജറാത്ത് വിട്ടതായി പൊലീസ് അറിയിച്ചു. 

അഹമദാബാദ്: ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായതിനെ പിന്നാലെയാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ ഗുജറാത്തില്‍ വ്യാപക ആക്രമങ്ങള്‍ ഉണ്ടായത്. സംഭവത്തെ തുടർന്ന് നൂറോളം കുടിയേറ്റ തൊഴിലാളികള്‍ ഗുജറാത്ത് വിട്ടതായി പൊലീസ് അറിയിച്ചു. 

സെപ്റ്റംബർ 28ന് സബർകന്ത ജില്ലയിലെ ഹമ്മത് നഗറിൽ ഠാകുർ സമുദായാത്തില്‍പ്പെട്ട കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഈ  കേസിൽ സെറാമിക് കമ്പനിയിൽ ജോലി ചെയ്യുന്ന ബിഹാർകാരനായ രവീന്ദ്രസാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഈ സംഭവത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളെ തുരത്തിയോടിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പ്രചാരത്തിന്‍റെ മറവിലാണ് സംസ്ഥാന വ്യാപകമായി  ആക്രമണങ്ങൾ നടക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടന്ന വിവിധ ആക്രമണങ്ങളിലായി 342 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ഗാന്ധിനഗർ, മെഹ്സാന, സബർകന്ത, പത്താൻ, അഹമ്മദാബാദ് എന്നിങ്ങനെ അ‍ഞ്ച് ജില്ലകളിലാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായത്. സംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ, കച്ചവടം നടത്തുന്നവർ എന്നിവരെയാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നം വയ്ക്കുന്നത്.  വാദ്നഗറിൽ ജനക്കൂട്ടം ഫാക്ടറി അഗ്നിക്കിരയാക്കി. ഠാകുർ സമുദായത്തിലുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ശിവാനന്ദ് ഝാ പറഞ്ഞു.

അക്രമ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്ന്യസിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഭൂരിഭാഗം മേഖലകളിലും ആക്രമണം ശക്തമായിരിക്കുകയാണ്. അഹമ്മദാബാദിൽ മാത്രം 42 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.  സംഭവത്തിൽ ഠാക്കൂർ സേന നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് ഠാക്കൂറിനെതിരേയും പ്രതിഷേധം ശക്തമാണ്. 

സംസ്ഥാനത്ത് അക്രമണം അഴിച്ചുവിട്ടത് അല്‍പേഷ് ഠാക്കൂറാണെന്നാണ് പ്രധാനവിമര്‍ശനം. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് അല്‍പേഷ് രംഗത്തെത്തിയിട്ടുണ്ട്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഞങ്ങൾ ഒരിക്കലും അക്രമം പ്രോത്സാഹിപ്പിക്കില്ല, ,സമാധാനത്തിന് വേണ്ടി മാത്രമേ സംസാരിക്കുകയുള്ളു. ഗുജറാത്തിൽ എല്ലാവരും സുരക്ഷിതരാണ്- അദ്ദേഹം പറഞ്ഞു.

click me!