ഇപോസ് വഴി റേഷൻ തട്ടിപ്പ്: സംസ്ഥാനത്തെ 1100 റേഷന്‍ കടകള്‍ക്കെതിരെ അന്വേഷണം

By Web DeskFirst Published Jun 6, 2018, 6:49 AM IST
Highlights
  • മാനുവല്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു
  • കടക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും ആലോചന

തിരുവനന്തപുരം: ഇ പോസ് മെഷീൻ തട്ടിപ്പിലൂടെ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ സംസ്ഥാനത്തെ 1100 റേഷൻകട ഉടമകൾക്കെതിരെ അന്വേഷണം. ഇ പോസിലെ മാനുവൽ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.  ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.    റേഷൻകട വഴി കാര്‍ഡില്ലാത്തവര്‍ക്കും യഥേഷ്ടം റേഷൻ നല്‍കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്ത്തയെത്തുടര്‍ന്നാണ് ഭക്ഷ്യവകുപ്പിന്‍റെ അന്വേഷണം.

വെട്ടിപ്പ് തടയാനും ഉപഭോക്താവിന്‍റെ അവകാശം സംരക്ഷിക്കാനും കൊണ്ട് വന്ന ഇ പോസ് മെഷീൻ നോക്കുകുത്തിയാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഞാറാഴ്ച അവധി ദിനമായിരുന്നിട്ടും കട തുറന്ന് സംസ്ഥാനത്തെ റേഷൻകടക്കാര്‍ ഇടപാട് നടത്തി. 1059 കടകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് സിവിള്‍ സപ്ലൈസ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി.

മേയ് മാസത്തില്‍ സംസ്ഥാനത്താകെ 6,45,601 മാനുവല്‍ ഇടപാട് നടന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വീട്ടില്‍പോയി അന്വേഷിച്ചപ്പോള്‍ ഭൂരിഭാഗം പേരും കടകളില്‍ പോയിട്ടേയില്ല..മലപ്പുറം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വെട്ടിപ്പ് കൂടുതലും നടന്നത്. കൈവിരല്‍ ശരിയായി പതിയാത്ത കശുവണ്ടിത്തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, മത്സ്യബന്ധനത്തൊഴിലാളികള്‍ എന്നിവരുടെ റേഷനും വ്യാപകമായി തട്ടിയെടുക്കപ്പെട്ടു.

രണ്ടാഴ്ചയ്ക്കകം വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഭക്ഷ്യസെക്രട്ടറിയുടെ ഉത്തരവ്. കടകളുടെ ലൈസൻസ് റദ്ദാക്കുന്നത് പുറമേ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

click me!