എട്ടു ജീവനുകള്‍ രക്ഷിച്ച് 'രാവണന്‍' മരണത്തിന് കീഴടങ്ങി

By Web TeamFirst Published Oct 21, 2018, 1:07 PM IST
Highlights

ആഘോഷത്തിന്‍റെ ബഹളത്തിനിടെ ട്രെയിന്‍ വരുന്ന ശബ്ദം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ആ ദുരന്തത്തില്‍ പൊലിയുമായിരുന്ന എട്ടു ജീവനുകളെ രക്ഷപെടുത്തി സ്വയം ബലികൊടുത്ത് നാട്ടുകാര്‍ക്ക് കണ്ണീര്‍ ഓര്‍മയായി മാറിയത് അവരുടെ പ്രിയപ്പെട്ട രാവണന്‍ ആയിരുന്നു

അമൃത്സര്‍: ദസറയോട് അനുബന്ധിച്ച രാംലീലയില്‍ വര്‍ഷങ്ങളായി രാവണ വേഷത്തിലായിരുന്നു ദല്‍ബീര്‍ സിങ്. എന്നാല്‍ അമൃത്സറിലെ രാംലീല വേദിയില്‍ ദുരന്തം സംഭവിച്ചപ്പോള്‍ സ്വയം രക്ഷകനായി അവതരിച്ച ഇദ്ദേഹം ഒടുവില്‍ മരണത്തിന് കീഴടങ്ങി. ദസറ ആഘോഷത്തിനിടെ അമൃതസറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 59 പേരാണ് മരിച്ചത്. ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം കത്തിക്കുന്നത് കാണാനായി റെയില്‍വെ ട്രാക്കില്‍ കയറി നിന്ന ജനങ്ങളുടെ ഇടയിലേക്ക് പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് പാഞ്ഞുകയറിയാണ് ദുരന്തം ഉണ്ടായത്. 

ആഘോഷത്തിന്‍റെ ബഹളത്തിനിടെ ട്രെയിന്‍ വരുന്ന ശബ്ദം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ആ ദുരന്തത്തില്‍ പൊലിയുമായിരുന്ന എട്ടു ജീവനുകളെ രക്ഷപെടുത്തി സ്വയം ബലികൊടുത്ത് നാട്ടുകാര്‍ക്ക് കണ്ണീര്‍ ഓര്‍മയായി മാറിയത് അവരുടെ പ്രിയപ്പെട്ട രാവണന്‍ ആയിരുന്നു. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ദല്‍ബീര്‍, വിളിച്ചുകൂവി സ്വന്തം ജീവന്‍ പോലും അവഗണിച്ച് ട്രാക്കിലൂടെ ആള്‍ക്കൂട്ടത്തെ ലക്ഷ്യമാക്കി ഓടുന്നതു ഇദ്ദേഹത്തിന്‍റെ സുഹൃത്ത് രാജേഷ് കാണുന്നുണ്ടായിരുന്നു. 

ആഘോഷങ്ങളില്‍ മുഴുകി നിന്നിരുന്ന എട്ടു പേരെ അദ്ദേഹം ട്രാക്കില്‍ നിന്ന് തള്ളിമാറ്റി. അപ്പോഴേക്കും ട്രെയിന്‍ തൊട്ടടുത്ത് എത്തി കഴിഞ്ഞിരുന്നു. ഒരാളെ കൂടി രക്ഷപെടുത്താനുള്ള വെഗ്രതയില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച ദല്‍ബീറിന് പക്ഷേ ട്രെയിനിന്‍റെ വേഗത്തെ തോല്‍പ്പിക്കാനായില്ല. അപ്പോഴേക്കും ട്രെയിന്‍ ദല്‍ബീറിനെയും തട്ടിത്തെറിപ്പിച്ച് പോയി കഴിഞ്ഞിരുന്നു. രാമലീല കെട്ടിയാടി തീര്‍ത്ത് വേഷം പോലും അഴിച്ചുവക്കാതെ രാവണനെ കത്തിക്കുന്നത് കാണാന്‍ പോവുകയായിരുന്നു ദല്‍ബീര്‍. 

അപ്പോഴാണ് അദ്ദേഹം ട്രെയിന്‍ അതിവേഗം വരുന്നത് കാണുന്നത്. കഴിഞ്ഞ വര്‍ഷമാണ് ദല്‍ബീര്‍ വിവാഹിതനായത്. എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്‍റെ പിതാവാണ് ദല്‍ബീര്‍.
അയല്‍വാസിയായ കൃഷന്‍ ലാല്‍, ദല്‍ബീറിനെ ഓര്‍മിക്കുന്നത് ഇങ്ങനെയാണ്: ''അവന്‍ എല്ലാ വര്‍ഷവും രാവണന്‍റെ വേഷമാണ് കെട്ടിയിരുന്നത്. അതുകൊണ്ട് അവനെ ഞങ്ങള്‍ ലങ്കേഷ് എന്നാണ് കളിയായി വിളിച്ചിരുന്നത്. 

അവന് അതില്‍ യാതൊരു പരാതിയുമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അവന്‍ ഞങ്ങള്‍ക്ക് ഹീറോയാണ്. ''ഒരു കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു ദല്‍ബീര്‍. അപ്രതീക്ഷിതമായി മരണം കടന്നെത്തിയപ്പോള്‍ ഒന്നും വിശ്വസിക്കാന്‍ കഴിയാതെ മരവിച്ച അവസ്ഥയിലാണ് ദല്‍ബീറിന്‍റെ കുടുംബം.

click me!