മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്

By Web TeamFirst Published Sep 20, 2018, 10:39 AM IST
Highlights

മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജനപദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെയും ചിത്രങ്ങള്‍ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡിസംബര്‍ 20ന് മുമ്പ് ഉത്തരവ് നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. 

നിലവില്‍ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുള്ള വീടുകളില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയമാണ് കോടതി നല്‍കിയിട്ടുള്ളത്. 

ഡിസംബര്‍ 20 ന് മുന്നെ ഇത് നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീിടുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിതിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളില്‍ പതിക്കു എന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മഞ്ജു ശര്‍മ ഏപ്രില്‍ 4ന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

click me!