
ലാഹോര്‍: ലോകം ആണവ വിമുക്തമാകണമെന്ന ആശയത്തിന് ശക്തിയാര്‍ജിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ആണവ നിര്‍മ്മാണത്തിന്‍റെയും ശേഖരണത്തിന്‍റെയും കാര്യത്തില്‍ കുതിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ പാക്കിസ്ഥാന്‍റെ ആണവ നിര്‍മ്മാണത്തെ സൂക്ഷമതയോടെ കാണണമെന്ന മുന്നറിയിപ്പുള്ള റിപ്പോര്‍ട്ട് ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റാണ് പുറത്തുവിട്ടത്.
ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റിന്‍റെ കഴിഞ്ഞ ആഴ്ചത്തെ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണവും പ്ലൂട്ടോണിയം നിര്‍മ്മാണവും പാക്കിസ്ഥാനില്‍ വലിയ തോതിലാണ് നടക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ ആണവ ശക്തിയാകാന്‍ പാക്കിസ്ഥാന് അധികം സമയം വേണ്ടിവരില്ല. നിലവിലെ സാഹചര്യത്തില്‍ 2025 ഓടെ ഇത് സാധ്യമാകുമെന്നും ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
നൂറ്റമ്പതോളം ആണവായുധങ്ങള്‍ ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഇത് അടുത്ത ഏഴ് വര്‍ഷം കൊണ്ട് 225 ആക്കി ഉയര്‍ത്താനുള്ള നീക്കത്തിലാണ് പാക്കിസ്ഥാനെന്നും അമേരിക്കന്‍ പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെ ആണവ ശേഷിക്ക് ആനുപാതികമായ വളര്‍ച്ചയാണ് പാക്കിസ്ഥാനും ലക്ഷ്യമിടുന്നതെന്ന് 12 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. ഹ്രസ്വ ദൂര ആണവായുധങ്ങളുടെ നിര്‍മ്മാണത്തിലാണ് പാക്കിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കാനുള്ള ലക്ഷ്യമാണ് കാട്ടുന്നത്.
പാക്കിസ്ഥാനിലെ നിര്‍ണായക സുരക്ഷാ വിഭാഗങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളെ മുന്‍ നിര്‍ത്തിയാണ് പഠനം നടന്നിരിക്കുന്നത്.ആണവ ശേഖരണത്തിനോടനുബന്ധമായ മൊബൈൽ ലോഞ്ചറുകളുടെയും ഭൂഗർഭ സംവിധാനങ്ങളുടെയും സാന്നിധ്യം പരിശോധിച്ചുള്ള റിപ്പോര്‍ട്ട് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജേൻസ് ഡിഫൻസ് വീക്കിലിയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.