
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ നടപടിയിൽ വൈകാരികമായി പ്രതികരിച്ച് രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതി. സാമൂഹികമാധ്യമത്തിലാണ് യുവതി പ്രതികരണമറിയിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി പറഞ്ഞാണ് കുറിപ്പ്.
‘’പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെതന്നെ അംഗീകരിക്കുന്നതിനുളള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ടു. ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു. ഞങ്ങളുടെ ശരീരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്ന് ബലമായി പിടിച്ചുവാങ്ങിയപ്പോഴും നീ ഞങ്ങളെ ചേർത്തുപിടിച്ചു. ഞങ്ങളുടെ മാലാഖക്കുട്ടികൾ സ്വർഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാൻ തെറ്റായ ഒരാളെ തെരഞ്ഞെടുത്തതിനും ഞങ്ങളോട് ക്ഷമിക്കട്ടെ, അക്രമങ്ങളിൽ നിന്ന് മുക്തമായി, ഭയത്തിൽ നിന്ന് മുക്തമായി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഈ ലോകത്തിൽ നിന്ന് മുക്തമായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ. ഞങ്ങളുടെ കുഞ്ഞുങ്ങളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുന്നുണ്ടെങ്കിൽ ഇത് നിങ്ങൾ കേൾക്കുക. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല. നിങ്ങളുടെ അസ്തിത്വത്തിന് വിലയുണ്ട്, നിങ്ങളുടെ ആത്മാവിന് വിലയുണ്ട്. വീണ്ടും കാണുന്നത് വരെ അമ്മമാർ നിങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കും. ഈ അമ്മ നിന്നെ അത്രമേൽ സ്നേഹിക്കുന്നു.'' ഇങ്ങനെ അതിവൈകാരികമായിട്ടാണ് രാഹുലിനെതിരായ ആദ്യ കേസിലെ പരാതിക്കാരിയുടെ കുറിപ്പ്.
പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണം സംഘം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തുള്ള യുവതിയുടെ മൊഴി വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പ്രത്യേക സംഘം രേഖപ്പെടുത്തിയത്, ഇ മെയിൽ വഴിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നിവ കൂടാതെ സാമ്പത്തിക ചൂഷണം ഉള്‍പ്പെടെയുള്ള ഗുരുതര പരാതികളാണ് രാഹുലിനെതിരെ നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam