ശബരിമല ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കില്ലെന്ന് മുതിർന്ന ബിജെപി നേതാവ്

By Sumam ThomasFirst Published Oct 9, 2018, 2:56 PM IST
Highlights

അതുപോലെ ദേവസ്വം ബോർഡ് കക്ഷി രാഷ്ട്രീയ വിമുക്തമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിനപ്പുറത്താണ് വിശ്വാസികളുടെ വികാരം. ദേവസ്വം ഭരണം സ്വതന്ത്രമാകണം. അതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. 

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ വിവേചനമല്ല പ്രായത്തിലുള്ള വ്യത്യാസമാണ് ഉള്ളതെന്ന് മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ. കർണാടകത്തിൽ പുരുഷൻമാർക്ക് കയറാൻ സാധിക്കാത്ത അമ്പലങ്ങളുണ്ട്. നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം വിവാദമാകുന്നത്. എന്നാൽ ശബരിമല പ്രക്ഷോഭങ്ങളിലെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ലഭിക്കുമെന്ന് കരുതണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. സർക്കാരിന്റെ കടുത്ത നിലപാടാണ് ശബരിമല വിഷയം സങ്കീർണ്ണമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആണ് എല്ലാവരും പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. സർക്കാർ വിശ്വാസികളുടെ വികാരം മനസിലാക്കണം. അതുപോലെ ദേവസ്വം ബോർഡ് കക്ഷി രാഷ്ട്രീയ വിമുക്തമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിനപ്പുറത്താണ് വിശ്വാസികളുടെ വികാരം. ദേവസ്വം ഭരണം സ്വതന്ത്രമാകണം. അതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്.

ഇപ്പോഴത്തെ സർ‌ക്കാർ നടപടി വിശ്വാസവിരുദ്ധമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആദ്യം സംസാരിക്കേണ്ടിയിരുന്നത് പന്തളം കൊട്ടാരത്തോടാണ്. അത് ചെയ്തില്ല. ഇനിയൊരു റിവ്യൂ ഹർജി കൊടുത്താൽ അത് കോടതി പരി​ഗണിച്ചാൽ മാത്രമേ ​ഗുണം ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ജനങ്ങളുടെ വികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാൻ സാധിക്കുമോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്.

 

click me!