'ഇനിയും ഇതൊരു ദേശീയ ദുരന്തമല്ലേ!' ദേശീയ മാധ്യമങ്ങളോട് റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം

By Web TeamFirst Published Aug 17, 2018, 6:56 AM IST
Highlights

'കേരളത്തിലെ പ്രളയത്തിന്റെ തീവ്രത എന്തെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനിയും ഇതൊരു ദേശീയ ദുരന്തമല്ലേ!'

കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയ ദുരിതത്തിന് ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ നല്‍കുന്നില്ലെന്ന് വിവിധ കോണുകളില്‍ നിന്ന് ഇതിനകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കേരളം നേരിടുന്ന ദുരിതാവസ്ഥ ഇപ്പോഴും ഒരു ദേശീയ ദുരന്തമായി കാണാത്തത് എന്തുകൊണ്ടെന്ന് ദേശീയ മാധ്യമങ്ങളോട് ചോദിക്കുകയാണ് ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം.

പ്രിയമുള്ള ദേശീയ മാധ്യമങ്ങള്‍ക്ക്, ഇതാണ് കൊച്ചി വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. കേരളത്തിലെ പ്രളയത്തിന്റെ തീവ്രത എന്തെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനിയും ഇതൊരു ദേശീയ ദുരന്തമല്ല! എന്റെ പ്രിയ മലയാളികളേ, ഈ ദുരിതത്തെ നമ്മള്‍ തന്നെ നേരിടേണ്ടതുണ്ട്! ജയ്ഹിന്ദ്! റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു.

 

My dear this is as of now! Do you all have any idea the extend of still it’s not a ! My we have to deal with this on our own! Jai Hind! pic.twitter.com/i59XAbufsr

— resul pookutty (@resulp)

അതേസമയം ആശങ്കകള്‍ ഇരട്ടിയാക്കി ഇടുക്കി ഡാമിലെ ജലനിരപ്പ് പൂര്‍ണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2402.20 അടിയിലെത്തിയിരിക്കുകയാണ്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രളയ ദുരന്തം നേരിടുന്ന കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

click me!