
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വനിതാ ജീവനക്കാർക്ക് നിസ്ക്കരിക്കാനുള്ള സൗകര്യമൊരുക്കി സ്വകാര്യ കമ്പനി രംഗത്ത്. 60ഓളം മുസ്ലിം വനിതാ ജീവനക്കാരുള്ള സെക്ടർ 64ൽ പ്രവർത്തിക്കുന്ന ഒരു തുണി ഫാക്ടറിയാണ് നിസ്ക്കാരത്തിനായി സ്ത്രീകൾക്ക് സൗകര്യമൊരുക്കി കൊടുത്തത്. നോയിഡയിൽ ജീവനക്കാർക്ക് പൊതുസ്ഥലങ്ങളിൽ നിസ്ക്കരിക്കുന്നതിനുള്ള വിലക്ക് ഏർപ്പെടുത്തിയ പൊലീസ് ഉത്തരവിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്.
കഴിഞ്ഞ പത്ത് വർഷമായി സ്ത്രീകൾക്ക് നിസ്ക്കരിക്കുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കാൻ തുടങ്ങിയിട്ട്. ഇതിനായി എല്ലാ വെള്ളിയാഴ്ചയും ഒരു മണി മുതൽ രണ്ട് മണിവരെ നിസ്കരിക്കുന്നതിനും ഉച്ചഭക്ഷണം കഴിക്കുന്നതിനുമായി ജീവനക്കാർക്ക് സമയം അനുവദിക്കാറുണ്ട്. ടെറസ് രണ്ടായി വിഭജിച്ചാണ് നിസ്ക്കാരം. ഒരു ഭാഗത്ത് പുരുഷൻമാരും മറു ഭാഗത്ത് സ്ത്രീകളും നിസ്ക്കരിക്കും. നിസ്ക്കാരത്തിനുള്ള പായയും മറ്റും കമ്പനി തന്നെയാണ് ജീവനക്കാർക്ക് വിതരണം ചെയ്തത്. പ്രാർത്ഥന നയിക്കുന്നതിനായി ഒരു ഇമാമിനേയും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഹൈന്ദവ വിശ്വാസികളായ തൊഴിലാളികൾക്കായി നവരാത്രി ദിവസം ഭജനയും കമ്പനി നടത്താറുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ നിസ്കരിക്കുന്നത് വിലക്കി പൊലീസിന്‍റെ ഉത്തരവ് പുറത്തിറക്കിയത്. തൊഴിലാളികള്‍ (ജീവനക്കാര്‍) വിലക്ക് ലംഘിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം അതാത് കമ്പനികള്‍ക്ക് ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഐടി കമ്പനികള്‍ നിരവധിയുള്ള സെക്ടര്‍ 58നെ കേന്ദ്രീകരിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ നിരവധി മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam