
ജയ്പൂർ: ട്രാക്ടർ മത്സരം കാണുന്നതിനിടെ മേൽക്കൂര തകർന്ന് 17 പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് പേരുടെനില ഗുരുതരം. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. ട്രാക്ടർ മത്സരം കാണുന്നതിനുവേണ്ടി ആളുകൾ തകര ഉപയോഗിച്ച് നിർമ്മിച്ച ഷെഡിനു മുകളിൽ നുഴഞ്ഞ് കയറുകയും ഭാരം താങ്ങാനാകാതെ മേൽക്കൂര തകരുകയുമായിരുന്നു.
നൂറുകണക്കിന് ആളുകളാണ് മത്സരം കാണുന്നതിനുവേണ്ടി ടിൻ ഷെഡിന്റെ മുകളിൽ കയറിയത്. എന്നാൽ ഭാരം കൂടിയതോടെ ഷെഡ് തകരുകയും ആളുകൾ നിലത്തേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷെഡിന് താഴെയും നൂറുകണക്കിന് ആളുകൾ മത്സരം കാണുന്നതിനായി നിന്നിരുന്നു. അവരുടെ മേലാണ് ഷെഡ് മറിഞ്ഞ് വീണത്.
സംഭവത്തിൽ പരിക്കേറ്റ 17 പേരിൽ ഏഴ് പേരെ ശ്രീ ഗംഗാനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ബാക്കി പത്തുപേരെ പത്മപുരയിലെ ഗവൺമെന്റ് ഡിസ്പെൻസറിയിലേക്ക് മാറ്റി. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗംഗാനഗർ പൊലീസ് സൂപ്രണ്ട് യോഗേഷ് യാദവ് പറഞ്ഞു. അതേസമയം, മത്സരം നടത്താൻ സംഘാടകർ സർക്കാരിൽനിന്നും അനുമതി തേടിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാഡപുർ മേഖലയിലെ ആനാസ് മന്ദിവിൽവച്ചാണ് ട്രാക്ടർ മത്സരം നടന്നത്. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് ട്രാക്ടർ മത്സരം. ആയിരകണക്കിന് ആളുകളാണ് ഒാരോ തവണയും മത്സരം കാണാൻ എത്തുക. ഇത്തവണ 5,000 ലധികം ആളുകൾ
മത്സരം കാണാൻ ഇവിടെ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam