കുമ്മനത്തെ തിരികെ എത്തിക്കാതെ ബിജെപി രക്ഷപ്പെടില്ലെന്ന് ആര്‍എസ്എസ്

By Web TeamFirst Published Feb 23, 2019, 10:23 PM IST
Highlights

കുമ്മനം രാജശേഖരനും മടക്കം ആഗ്രഹിക്കുന്നുണ്ടെന്ന് ആർഎസ്എസ്. വിവിധ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ കുമ്മനത്തിന് കഴിയുമെന്നാണ് സംഘടന എടുത്തുകാണിച്ചത്. തിരുവനന്തപുരത്ത് മത്സരിപ്പിച്ച് കുമ്മനത്തിന്‍റെ തിരിച്ചുവരവാണ് ആർ എസ് എസ്സിന്‍റെ ആഗ്രഹം. 

പാലക്കാട്: ശബരിമല പ്രശ്നം കൈകാര്യം ചെയ്തതിൽ ബിജെപി സംസ്ഥാന നേതൃത്വം വേണ്ടത്ര വിജയിച്ചില്ലെന്ന് അമിത് ഷായോട് പരാതിപ്പെട്ട് ആർ എസ് എസ്. കുമ്മനത്തെ അടിയന്തിരമായി തിരികെ എത്തിക്കാതെ തെരഞ്ഞെടുപ്പിൽ രക്ഷപ്പെടില്ലെന്നും ആർ എസ് എസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

കുമ്മനത്തെ ഗവർണ്ണറാക്കിയത് മുതൽ ഉടക്കിനിൽക്കുന്ന ആർ എസ് എസ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി ദേശീയ നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കി. ശ്രീധരൻപിള്ളയെയും കുമ്മനം രാജശേഖരനെയും താരതമ്യം ചെയ്തുള്ള വിലയിരുത്തലുകളാണ് ആർ എസ് എസ് നടത്തിയത്. ശബരിമല പോലെ ഹൈന്ദവസമുദായത്തെ ഒപ്പം നിർത്താവുന്ന വിഷയമുണ്ടായിട്ടും ബി ജെ പി സംസ്ഥാന നേതൃത്വം വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്നാണ് ആര്‍ എസ് എസ്സിന്‍റെ കുറ്റപ്പെടുത്തൽ.

സുവർണ്ണാവസരം കളഞ്ഞുകുളിച്ചെന്നായിരുന്നു പരാതി. ശബരിമല പ്രശ്നത്തെ സുവർണ്ണാവസരമെന്നായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ള മുമ്പ് വിശേഷിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കുമ്മനം എത്തുന്നത് വലിയ നേട്ടമുണ്ടാകുമെന്നാണ് ആർ എസ് എസ് അറിയിച്ചത്. 

കുമ്മനം രാജശേഖരനും മടക്കം ആഗ്രഹിക്കുന്നുണ്ടെന്നും ആർ എസ് എസ് അറിയിച്ചു. വിവിധ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ കുമ്മനത്തിന് കഴിയുമെന്നാണ് സംഘടന എടുത്തുകാണിച്ചത്. തിരുവനന്തപുരത്ത് മത്സരിപ്പിച്ച് കുമ്മനത്തിന്‍റെ തിരിച്ചുവരവാണ് ആർ എസ് എസ്സിന്‍റെ ആഗ്രഹം. എല്ലാം ചർച്ച ചെയ്യാമെന്നായിരുന്നു ഷായുടെ മറുപടി. കല്യാൺസിംഗ് അടക്കം പല ഗവർണ്ണർമാരും രാഷ്ട്രീയമടക്കം ആഗ്രഹിച്ച് കഴിയുമ്പോൾ ഒരാളുടെ കാര്യത്തിൽ മാത്രം തീരുമാനമെടുക്കുക ബി ജെ പിക്ക് മുന്നിലെ തലവേദനയാണ്. പക്ഷെ കേരളത്തിൽ വലിയ പ്രതീക്ഷ വെക്കുമ്പോൾ ആർഎസ്എസ് ആവശ്യം തള്ളാനുമാകില്ല.

click me!