
എരുമേരി: കേരളത്തെ നടുക്കിയ മഹാപ്രളയത്തിന് ശേഷം കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാഞ്ഞതിനാൽ കൂടുതൽ തീർത്ഥാടകർ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്.
നിലക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡിന്‍റെ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് മുന്നിൽ ഇത്തവണ സ്വാമിയെ കാണാന്‍ കടമ്പകളേറെയാണ്.
പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. നിലക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസില്‍ വരണം. പമ്പയിൽ ശൗചാലയങ്ങൾ മുഴുവൻ തകർന്നതിനാൽ ബയോ ടോയ്‍ലറ്റുകള്‍ സ്ഥാപിച്ചു.
കുപ്പിവെള്ളത്തിന് നിരോധനമുണ്ട്. കടകളും നന്നേ കുറവ്. പമ്പയിലെ ആശുപത്രിയുടെ രണ്ടാം നിലയിൽ ഒപി സേവനം ലഭ്യമാക്കും. വൈദ്യുതി, കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. നിലക്കലിൽ അയ്യപ്പന്മാർക്ക് വിരി വെക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പമ്പ ത്രിവേണിയിൽ വിരിവെക്കാൻ സൗകര്യം ഉണ്ടാകില്ല. സുരക്ഷക്കായി കൂടുതൽ പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ശബരിമലയിൽ ഒരു വർഷത്തെ പൂജകൾ നടത്താൻ ക്ഷേത്ര തന്ത്രിയായി കണ്ഠരര് രാജീവര് ഇന്ന് ചുമലയേൽക്കും. 21 വരെയാണ് കന്നിമാസ പൂജകൾക്കായി ക്ഷേത്ര നട തുറക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam