
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലത്തെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമാണ്. 80000 പേർക്ക് ദർശനത്തിന് അനുമതിയുള്ള ഇന്നലെ 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. സാഹചര്യം പരിശോധിക്കാൻ ഇൻറലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചു. ബുക്കിങ് ഏജന്‍റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യല്‍ ഓഫിസർ തള്ളി.
ശബരിമലയില്‍ ഒരു ദിവസം വിർച്വല്‍ ക്യൂ വഴിയുള്ള 66000വും സ്പോട്ട് ബുക്കിങ് വഴി 14000 അടക്കം 80000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. എന്നാല്‍ മണ്ഡല മകര വിളക്ക് തീർത്ഥാടനം തുടങ്ങിയതിന് പിന്നാലെ തന്നെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആയി. നിലവില്‍ ഡിസംബർ 25 വരെ വിർച്യല്‍ ക്യൂ ഒഴിവില്ലെന്നതാണ് സാഹചര്യം. എന്നാല്‍ ഓരോ ദിവസവും നേരിട്ട് ദർശനം നടത്തുന്നത് ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമേ ഉള്ളു. ചില സീസണുകളിലെ ആദ്യ ദിവസങ്ങളില്‍ തീർത്ഥാടകർ കുറയാറുണ്ട്. ബുക്ക് ചെയ്തവർ മുഴുവൻ എപ്പോഴും വരണമെന്നുമില്ല. എങ്കിലും ഈ സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇന്‍റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിർച്വല്‍ ക്യൂ ബുക്ക് ചെയ്യാൻ കഴിയാതെ ശബരിമലയില്‍ എത്തിയാലും തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ മലകയറാം. ക്യൂ പൂര്‍ണമായതിനാല്‍ സ്പോട്ട് ബുക്കിങ് കൂട്ടാനും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂർ ട്രാവല്‍ ഏജൻസികള്‍ കൂട്ടത്തോടെ ബുക്ക് ചെയ്തതാണോയെന്ന സംശയം ഉണ്ടെങ്കിലും അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. ആധാർ വച്ചുള്ള ബുക്കിംഗ് ആയതിനാൽ സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്.
നിയമസഭയിലെ പരിസ്ഥിതി സമിതിയിലെ എംഎല്‍എമാരുടെ ശബരിമല സന്ദർശനം തുടരുകയാണ്. ക്രമീകരണങ്ങളില്‍ തൃപ്തിയെന്നാണ് മൂന്നംഗ പ്രതിനിധി സംഘത്തിന്‍റെ നിലപാട്. എന്നാല്‍ എരുമേലിയിലടക്കം ചില ക്രമീകരണങ്ങളില്‍ പോരായ്മയുണ്ടെന്നും സമിതി പറഞ്ഞു. മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം സർക്കാരിനെ അറിയിക്കുമെന്നും സജീവ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam