
ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
ജഡ്ജിമാരുടെ ചേംബറില്‍ ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ''ശബരിമല പുനപരിശോധന ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്. തുറന്ന കോടതിയില്‍ പരിഗണിക്കുന്നതും ചേംബറില്‍ പരിഗണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
ചേംബറില്‍ നടക്കുന്നത് ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് അല്ലാതെ വേറെയൊരാള്‍ക്കും അറിയാന്‍ സാധിക്കില്ല. എന്നാല്‍, തുറന്ന കോടതി അങ്ങനെയല്ല. പ്രാധാന്യമില്ലാത്ത ഹര്‍ജികള്‍ പോലും തുറന്ന കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഏറെ വിവാദമായ ശബരിമല കേസ് ചേംബറില്‍ പരിഗണിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും'' അദ്ദേഹം കുറിച്ചു.
നേരത്തെ, ശബരിമല വിധിയോട് മാര്‍ക്കണ്ഡേയ കട്ജു ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്ന കട്ജു ചോദിച്ചു.
സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ, ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു.
പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഇന്ന് പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നത്. പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻഎസ്എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 48 പുനഃപരിശോധന ഹര്‍ജികളാണ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പരിഗണിക്കുക.
ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘട ബെഞ്ചിന്‍റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam