
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശത്തിന് സുപ്രീംകോടതി അനുമതി നൽകിയ സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. അടുത്തമാസം മൂന്നിനാണ് യോഗം ചേരുക. വിധി അനുസരിച്ച് ഇനി നടപടി എടുക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും അത് അവർക്ക് വിടുകയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ സ്ത്രീപ്രവേശന വിധി നടപ്പാക്കുമ്പോൾ സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. ഇതുവരെ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ശബരിമലയിലേക്ക് കൂടുതൽ സ്ത്രീകള്‍ എത്തുന്നതോടെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഇതിൽ പ്രധാനം. പ്രളയത്തിൽ പമ്പ ത്രിവേണി പൂർണമായും തകർന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടും.
അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ പന്തളം രാജകുടുംബം പുനപരിശോധനാഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ അയ്യപ്പന്‍റെ നൈഷ്ഠികബ്രഹ്മചര്യത്തിലൂന്നിയാണെന്ന വാദമാണ് കേസിൽ വാദം നടന്നപ്പോഴൊക്കെ തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും എൻഎസ്എസ്സും പല തവണ ഉന്നയിച്ചത്. എന്നാൽ, ആചാരത്തിന്‍റെ പേരിൽ ഭരണഘടനയുടെ മൗലികാവകാശം ലംഘിയ്ക്കരുതെന്ന നിരീക്ഷണം സുപ്രീംകോടതി ഭരണഘടനാബഞ്ച് ഉയർത്തിപ്പിടിയ്ക്കുന്പോൾ ശബരിമല തന്ത്രി കുടുംബം നിരാശരാണ്. അപ്പീൽ പോയാലും കേസിൽ ഇനി പുനഃപരിശോധനയ്ക്ക് സാധ്യത കുറവാണെന്നിരിക്കെ, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആചാരം തിരുത്താൻ കടുത്ത വിശ്വാസികൾ തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയമാവുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam