കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരു കോറമംഗലയിൽ നടക്കും. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല. നാളെയായിരിക്കും സംസ്കാരം. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. 

കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത്‌ കുമാർ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. 

ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ഇന്നലെയാണ് റോയിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

YouTube video player